തൃശൂർ: പൂരം വെടിക്കെട്ടിനുള്ള അനുമതിക്കു പ്രതിസന്ധിയുണ്ടാകില്ലെന്ന ഉറപ്പു നൽകിയിട്ടും അനുമതി തേടി ശിവകാശിയിൽ പോയവർക്കു നാലു ദിവസമായിട്ടും അനുമതി ലഭിച്ചില്ല. സാന്പിൾ വെടിക്കെട്ട് സംബന്ധിച്ച രേഖകളും സാമഗ്രികളുമായി ശിവകാശി ഫയർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ ഓഫീസിലാണ് പൂരം സംഘാടകർ അനുമതിക്കായി കാത്തുകെട്ടിക്കിടക്കുന്നത്.
വെടിക്കെട്ടു സംബന്ധിച്ച് എല്ലാ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് വേണമെന്ന ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് അനുമതിക്കു തടസം. ശിവകാശിയിലെ പടക്കലോബിയുടെ ചെരടുവലിയാണ് ഉദ്യോഗസ്ഥരുടെ പിടിവാശിക്കു കാരണമെന്നു പറയുന്നു. പൂരം വെടിക്കെട്ടിൽ ശിവകാശി പടക്കങ്ങൾ ഉപയോഗിക്കണമെന്നു മുന്പേ സമ്മർദമുണ്ടായിരുന്നു. വലിയ ചോദ്യാവലി തയാറാക്കി അതിനുള്ള മറുപടി നൽകാനാണു നിർദേശം.
കൂടാതെ വെടിക്കെട്ട് മരുന്നിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനു പകരം അതിന്റെ ഘടന ചികയുകയാണത്രേ .കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലോടെയാണു വെടിക്കെട്ടു നടത്തിപ്പു സംബന്ധിച്ച അനിശ്ചിതത്വം വഴിമാറിയത്. മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതലയോഗമാണ് പൂരം വെടിക്കെട്ട് സാധാരണ പോലെ നടത്താൻ എല്ലാ വഴികളും തുറന്നുകൊടുത്തത്.
അന്നു തന്നെ ശിവകാശിയിലേക്ക് അനുമതിക്കായി പോയാൽ വീണ്ടും പ്രതിസന്ധി ഉണ്ടാകാൻ ഇടയുണ്ടെന്നു സൂചന നൽകിയിരുന്നു.മന്ത്രിമാരുടെ ഇടപെടലുണ്ടായപ്പോൾ പത്തിമടക്കിയവർ പൂരം വെടിക്കെട്ട് നടത്തിപ്പ് ശിവകാശിലോബിയുടെ കൈകളിലേക്ക് എത്തിക്കാൻ ഗൂഢപദ്ധതിയിടുന്നതായും സൂചനയുണ്ട്.ലൈസൻസ് അടക്കമുള്ള നടപടിക്രമങ്ങൾ ഏകജാലകസംവിധാനത്തിലൂടെ ക്രമീകരിക്കാനെടുത്ത തീരുമാനം നടപ്പാക്കാത്തതും ആക്ഷേപത്തിന് കാരണമാണ്.