തൃശൂർ: തൃശൂർ പൂരത്തിന് നിലവിൽ അനുവദനീയമായ വെടിക്കോപ്പുകളുടെ പരിധി രണ്ടായിരം കിലോയിൽ നിന്നു അയ്യായിരം കിലോയാക്കി വർധിപ്പിക്കണമെന്ന ദേവസ്വം പ്രതിനിധികളുടെ ആവശ്യം കേന്ദ്രമന്ത്രിയുമായും ചീഫ് കണ്ട്രോളർ ഓഫ് എക്സപ്ലോസീവുമായും ചർച്ച ചെയ്യാമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പുനൽകി.
പൂരം വെടിക്കെട്ട് നടത്തിപ്പു സംബന്ധിച്ചുനടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുത്തു. പോലീസ്, വനം-വന്യജീവി, മൃഗസംരക്ഷണം, ഫയർഫോഴ്സ് എന്നിവയുടെ സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിച്ച് പൂരത്തിന് ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയാറാക്കാൻ ജില്ലാ കളക്ടർ ഡോ. എ. കൗശിഗന് മന്ത്രിമാർ നിർദ്ദേശം നൽകി.
മന്ത്രി വി.എസ്. സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച ഫയർ ഹൈഡ്രന്റ് സംവിധാനത്തിന്റെ നടത്തിപ്പും പരിപാലനവും ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന് കൈമാറാനും യോഗം തീരുമാനിച്ചു.പൂരത്തിന്റെ മുന്നൊരുക്കങ്ങളും സുരക്ഷാ തയാറെടുപ്പുകളും യോഗം ചർച്ചചെയ്തു.വെടിക്കെട്ടിന് അനുമതി ലഭിക്കുന്നതിനാവശ്യമായ നിബന്ധനകൾ ഡെപ്യൂട്ടി ചീഫ് കണ്ട്രോൾ ഓഫ് എക്സപ്ലോസീവ് ഡോ. വേണുഗോപാൽ വിശദീകരിച്ചു.
എഴുന്നള്ളിപ്പിനുളള ആനകളുടെ പരിശോധനയും വന്യജീവി പരിപാലന നിയമനുസരിച്ചുള്ള നിയന്ത്രണങ്ങളും വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നിർവഹിക്കും.ആനകളുടെ ഫിറ്റ്നെസ് പരിശോധന പൂരത്തലേന്ന് പൂർത്തിയാക്കണം. വടക്കാഞ്ചേരിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ഫയർ പാർക്കിനെപ്പറ്റിയും യോഗം ചർച്ച ചെയ്തു.
ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ, സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ. നായർ, അസിസ്റ്റന്റ് കമ്മീഷണർമാരായ വാഹിദ്, ടി.എസ്. സനോജ്, എം.കെ. ഗോപാലകൃഷ്ണൻ, തൃശൂർ തഹസിൽദാർ കെ.സി. ചന്ദ്രബാബു, തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡന്റ് സതീഷ് മേനോൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധി രാജേന്ദ്രപ്രസാദ് തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.