തൃശൂർ: ശിവകാശി ഉത്പന്നങ്ങൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്താനുള്ള നിർദേശം ലോബിയുടെ ഭാഗമാണെന്നും അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. പൂരത്തിനും വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ ഒരാനപ്പുറത്തു മാത്രമായി ചടങ്ങ് അവസാനിപ്പിക്കുമെന്നുമുള്ള കടുത്ത നിലപാടും ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
അനുകൂല തീരുമാനമുണ്ടാകാഞ്ഞതിനെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സർക്കാർതല യോഗങ്ങളിൽനിന്നും പാറമേക്കാവ് വിഭാഗം വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ 12നു തിരുവനന്തപുരത്ത് എക്സ്പ്ലോസീവ് ചീഫ് കണ്ട്രോളർ അടക്കമുള്ളവർ പങ്കെടുത്ത യോഗങ്ങളിൽ പൂരം സംഘാടകർ പാലിക്കേണ്ട നടപടികൾ നിർദേശിച്ചിരുന്നു.
ഇതെല്ലാം പൂർത്തിയാക്കിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. ഇതാദ്യമായാണ് പൂരം കൊടിയേറ്റം ചടങ്ങ് മാത്രമായി നടക്കുന്നത്. വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും മുന്പും നിയന്ത്രണമുണ്ടായിട്ടുണ്ടെങ്കിലും കൊടിയേറ്റത്തിനെ ബാധിച്ചിരുന്നില്ല.
ഇതിനിടെ സർക്കാർ തലത്തിൽ ദേവസ്വങ്ങളെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. മന്ത്രി സുനിൽകുമാറിനെ പാറമേക്കാവ് ദേവസ്വം തീരുമാനം അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് അനുമതിയുടെ കാര്യത്തിൽ ഇന്നോ, നാളെയോ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.