സ്വന്തം ലേഖകൻ
തൃശൂർ: അവസാന നിമിഷം അനുമതി ലഭിച്ചിട്ടും സാന്പിൾ വെടിക്കെട്ട് ’കളർഫുൾ’ ആക്കി വെടിക്കെട്ട് പ്രേമികളെ സന്തോഷിപ്പിക്കാൻ ദേവസ്വങ്ങൾ ഒരുങ്ങി. കുഴിമിന്നലുകളും അമിട്ടുകളുമൊക്കെയായി സാന്പിൾ മിന്നിക്കാൻ തന്നെയാണ് ദേവസ്വങ്ങളുടെ തീരുമാനം. ഡൈനയ്ക്ക് മാത്രമാണ് അനുമതി ലഭിക്കാതിരുന്നത്. ഇന്നു രാത്രി ഏഴിന് തിരുവന്പാടി വിഭാഗമാണ് സാന്പിളിന് ആദ്യം തിരികൊളുത്തുക.
ശബ്ദ തീവ്രത കുറയുമെങ്കിലും പകരം വർണ ചാരുത മാനത്ത് വിരിഞ്ഞിറങ്ങും. ഏറ്റവും ആകർഷകമായ രീതിയിലാണ് സാന്പിൾ വെടിക്കെട്ട് നടത്തുകയെന്ന് ഇരുവിഭാഗം ദേവസ്വം ഭാരവാഹികളും പരഞ്ഞു. പരന്പരാഗത രീതിയിലുള്ള തൃശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അനുമതി നൽകിയതോടെയാണ് സാന്പിൾ വെടിക്കെട്ടും ഗംഭീരമാക്കാൻ തീരുമാനമെടുത്തത്. തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടു നടക്കുന്നതിനാൽ ഇന്നു സ്വരാജ് റൗണ്ടിൽ പാർക്കിംഗ് നിരോധിച്ചു. ഉച്ചയ്ക്കുശേഷം ഗതാഗതവും തടയും.
ഉപാധികളോടെയാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാവൂ. കുഴിമിന്നി നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും വലുതാകാൻ പാടില്ല. ഡൈനയ്ക്ക് അനുമതിയില്ല. ഓലപ്പടക്കം പൊട്ടിക്കാം. അനുമതി സംബന്ധിച്ച രേഖകൾ മേയ്ദിമായ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു ദേവസ്വങ്ങൾക്കു ലഭിച്ത്. ഇരു ദേവസ്വങ്ങളും സാന്പിൾ വെടിക്കെട്ടിനു ദ്രുതഗതിയിലുള്ള ഒരുക്കങ്ങൾ ഇന്നലെ രാവിലെയാണ് ആരംഭിച്ചത്. വെടിക്കെട്ടിനുള്ള അനുമതി ഇല്ലാതിരുന്നതുമൂലം പൂരം കൊടിയേറ്റം നാളിൽ പരന്പരാഗത വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
ഓലപ്പടക്കങ്ങളും ഗുണ്ടുകളും വീര്യം കുറഞ്ഞ കുഴിമിന്നുകളും ധാരാളം അമിട്ടുകളും ഇന്നത്തെ വെടിക്കെട്ടിലുണ്ടാകും. എക്സ്പ്ലോസീവ്സ് വിഭാഗവും മറ്റു ഉദ്യോഗസ്ഥരുമെല്ലാം സാന്പിൾ വെടിക്കെട്ട് സസൂക്ഷ്മം വീക്ഷിക്കുമെന്നുറപ്പ്.
സർക്കാരും ബന്ധപ്പെട്ട ഏജൻസികളും മുന്നോട്ടുവച്ച നിബന്ധനകളും ഉപാധികളുമൊക്കെ പാലിച്ചായിരിക്കും സാന്പിൾ വെടിക്കെട്ട് നടത്തുക.
വെടിക്കോപ്പുകളുടെ വലിപ്പം മൂന്നിലൊന്നായി ചുരുക്കിയതുമൂലം ശബ്ദ തീവ്രത അൽപം കുറയും. അമിട്ടുകളുടെ വലിപ്പവും കുറയ്ക്കുന്നതുമൂലം അഗ്നിപ്പൂക്കളങ്ങൾ വിരിയുന്പോൾ പൂരാകാശം നിറയുമോയെന്ന ശങ്ക വെടിക്കെട്ടു കന്പക്കാർക്കുണ്ട്. എന്നാൽ, സാന്പിളും പൂരം വെടിക്കെട്ടും നിരാശപ്പെടുത്തില്ലെന്ന് തിരുവന്പാടി ദേവസ്വം സെക്രട്ടറി പ്രഫ എം. മാധവൻകുട്ടിയും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോനും പറഞ്ഞു.
സാന്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് തൃശൂർ നഗരത്തിലും സ്വരാജ് റൗണ്ടിലും വെടിക്കെട്ട് നടത്തുന്ന തേക്കിൻകാട് മൈതാനത്തും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് രെുക്കിയിട്ടുള്ളത്. ആധുനിക യന്ത്രസജ്ജീകരണങ്ങളടക്കം പോലീസിന്റെ കനത്ത സുരക്ഷ വലയത്തിലാണ് തൃശൂർ. കേന്ദ്രസർക്കാരിന്റെയും കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗത്തിന്റെയും കർശന നിരീക്ഷണമുള്ളതിനാൽ വളരെ സൂക്ഷ്മതയോടെയാണ് സംസ്ഥാന സർക്കാരും പൂരം സംഘാടകരും മുന്നോട്ടുപോകുന്നത്.
മൂന്നു ഘട്ടമായിട്ടാണ് സാധാരണഗതിയിൽ സാന്പിൾ വെടിക്കെട്ട് നടത്താറുള്ളത്. ആദ്യം ഗുണ്ടുകളും പിന്നീട് അമിട്ടുകളും ഏറ്റവുമൊടുവിൽ ശബ്ദതീവ്രത കൂടിയ ഇനങ്ങളുമാണ് പൊട്ടിക്കാറുള്ളത്. ഓലപ്പടക്കം കൂടി ഉൾപ്പെടുത്തി പൂരത്തിന്റെ പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിൽ സാന്പിളും നടത്താനാണു സാധ്യത.