സ്വന്തം ലേഖകൻ
തൃശൂർ: ഇന്നൊന്നു സ്വസ്ഥമായി സമാധാനത്തോടെ കിടന്നുറങ്ങണം – തൃശൂർ നഗരത്തെ പ്രകന്പനം കൊള്ളിച്ച് പൊട്ടിച്ചുതീർത്ത പൂരംവെടിക്കെട്ടിനു ശേഷം പാറമേക്കാവ് വിഭാഗത്തിനുവേണ്ടി വെടിക്കെട്ടൊരുക്കിയ വർഗീസിന്റെ ആദ്യപ്രതികരണം ഇതായിരുന്നു.
എല്ലാവരും വന്ന് ഗംഭീരമായി എന്നഭിനന്ദിക്കുന്പോൾ പ്രശംസകൾക്കെല്ലാം സ്നേഹപൂർവം നന്ദി പറയുന്നുണ്ടായിരുന്നു വർഗീസ്.
ആദ്യത്തെ പൂരം വെടിക്കെട്ട് തരിന്പും മോശമാക്കിയില്ലെന്നു കാലങ്ങളായി വെടിക്കെട്ടു കണ്ട് മാർക്കിടുന്നവർ പറഞ്ഞപ്പോൾ വളരെ സന്തോഷം എന്നു വർഗീസിന്റെ മറുവാക്ക്.
ഒപ്പംനിന്ന പണിക്കാരും ഈ മേഖലയിൽ മുൻപരിചയമുള്ള ബന്ധുക്കളുടെ അകമഴിഞ്ഞ പിന്തുണയുമെല്ലാം ചേർന്നപ്പോൾ നല്ല വെടിക്കെട്ട് കാഴ്ചവയ്ക്കാനായെന്നു വർഗീസ് പറഞ്ഞു.
തിരുവന്പാടിയുടെ വെടിക്കെട്ട് നായ്ക്കനാലിൽവച്ച് സെമി ഫിനിഷിംഗ് നടത്തി കൂട്ടപ്പൊരിച്ചിലിലേക്ക് കത്തിക്കയറുന്പോൾ ഷീന സന്തോഷംകൊണ്ട് വിതുന്പാൻ തുടങ്ങിയിരുന്നു.
കാത്തുകാത്തിരുന്ന ആദ്യ പൂരം വെടിക്കെട്ട് മഴ കൊണ്ടുപോയതിന്റെ തീരാസങ്കടമായിരുന്നു തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പൊട്ടിക്കയറുന്പോൾ സന്തോഷക്കണ്ണീരായി പെയ്തിറങ്ങിയത്.
വെടിക്കെട്ടു കഴിഞ്ഞതും ഭർത്താവ് സുരേഷും പണിക്കാരും ഓടിയെത്തി ഷീനയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. ഷീന നേരെ പോയതു വടക്കുന്നാഥനെ തൊഴാനാണ്.
കൂപ്പുകൈകളോടെ വടക്കുന്നാഥനു മുന്നിലെത്തിയപ്പോഴേക്കും ഷീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എല്ലാറ്റിനും നന്ദി പറഞ്ഞ് ഷീന മടങ്ങുന്പോൾ അഭിനന്ദനങ്ങളുമായി ദേവസ്വക്കാരും നാട്ടുകാരുമെല്ലാം തേക്കിൻകാട് മൈതാനത്തേക്കു വന്നുതുടങ്ങിയിരുന്നു
. മഴ ശരിക്കും പേടിപ്പിച്ചെന്നു ഷീനയും ഭർത്താവ് സുരേഷും പറഞ്ഞു.