സ്വന്തം ലേഖകൻ
തൃശൂർ: വേറെ ഏതു പൂരത്തിനും ഉത്സവത്തിനും പെരുന്നാളിനും വെടിക്കെട്ടു നടത്തിയാലും തൃശൂർ പൂരം വെടിക്കെട്ട് ഒരു തവണ നടത്തിയാൽ അതു മതി ഏതൊരു വെടിക്കെട്ടുകാരനും പേരും പെരുമയും അടുത്ത തലമുറയ്ക്കു വരെ കിട്ടാൻ എന്നു പറയാറുണ്ട്.
പൂരങ്ങളുടെ പൂരമാണു തൃശൂർ പൂരമെന്നു പറയും പോലെ വെടിക്കട്ടുകളുടെ വെടിക്കെട്ടാണു തൃശൂർ പൂരം വെടിക്കെട്ട്. അതു നടത്താനുള്ള അവസരം ആദ്യമായി കൈവന്നിട്ട് അതു നടത്താൻ സാധിക്കാതെപോയ വിഷമത്തിലാണു പാറമേക്കാവിന്റെയും തിരുവന്പാടിയുടേയും വെടിക്കെട്ട് ലൈസൻസികൾ.
പൂരം നാളിൽ കുടമാറ്റ സമയത്തു പെയ്ത മഴ ഒരു സാന്പിളായിരുന്നു വരാൻ പോകുന്ന പെരുമഴയുടെ സാന്പിൾ. അതു കണ്ടപ്പോൾ തന്നെ വെടിക്കെട്ടു കരാറുകാരുടെ മനസിൽ തീമഴ പെയ്തിരുന്നു.
എങ്കിലും പ്രതീക്ഷയുടെ കുട നിവർത്തി അവർ കാത്തുനിന്നു. പക്ഷേ മഴ തിമർത്തതോടെ പാറമേക്കാവിന്റെ വർഗീസിനും തിരുവന്പാടിയുടെ ഷീനയ്ക്കും വെടിക്കെട്ടു സമയത്തു പൊട്ടിക്കാൻ കഴിയില്ലെന്ന് ഉറപ്പായി.
വെടിക്കട്ടു നടക്കുന്ന മൈതാനത്ത് വെള്ളം നിറഞ്ഞതും കുഴികൾ ടാർപോളിനിട്ടു മൂടിയിട്ടും വെള്ളം നിറഞ്ഞതും വെടിക്കെട്ടു നടത്തുന്നതിനു തടസമായി. രാത്രി 12നു രണ്ടു ദേവസ്വങ്ങളുടേയും ഒൗദ്യോഗിക തീരുമാനം വന്നു. വെടിക്കെട്ടു മാറ്റിവയ്ക്കുന്നു.
ഏതൊരു വെടിക്കെട്ടു കരാറുകാരന്റെയും മനസിൽ സങ്കടത്തിന്റെ കൂട്ടപ്പൊരിച്ചിലുണ്ടാക്കുന്ന തീരുമാനം. പക്ഷെ ഇന്നലെ വൈകീട്ട് വെടിക്കെട്ടു നടത്താമെന്ന തീരുമാനം രണ്ടുപേർക്കും ആശ്വാസം പകർന്നു. പക്ഷേ, മഴ അപ്പോഴും വില്ലനായി അവർക്കുമുന്നിൽ പെയ്തുകൊണ്ടേയിരുന്നു.
വൈകീട്ട് ജില്ലാ കളക്ടറും എസ്പിയും ദേവസ്വം ഭാരവാഹികളും വെടിക്കെട്ടു നടത്തുന്ന തേക്കിൻകാട് മൈതാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും വെടിക്കെട്ടു മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവയ്ക്കാൻ അന്തിമ തീരുമാനം എടുക്കുകയായിരുന്നു.
പ്രധാന വെടിക്കെട്ട് നഗരത്തെ പ്രകന്പനം കൊള്ളിക്കുമെന്ന പ്രതീക്ഷയിൽ വെടിക്കെട്ടു കന്പക്കാർ കാത്തിരിക്കുകയായിരുന്നു. അവരെക്കാൾ നിരാശയിലായിരുന്നു ശിവപുരിയുടെ ആകാശത്തു കരി മരുന്നിന്റെ ഇന്ദ്രജാലം കാണിക്കാൻ കാത്തിരുന്ന രണ്ടു ലൈസൻസികളും.
പൊട്ടിക്കാതെ നിവൃത്തിയില്ല, കാത്തിരിക്കാം… ഞായറാഴ്ച വരെ
സ്വന്തം ലേഖകൻ
തൃശൂർ: വെടിക്കെട്ട് ഉണ്ടാക്കിയാൽ അതു പൊട്ടിച്ചേ മതിയാകൂ. ഉണ്ടാക്കിവച്ച വെടിക്കോപ്പുകൾ പൊട്ടിക്കാതിരിക്കാനാകില്ല. അതുകൊണ്ടു വെടിക്കെട്ടു പ്രേമികൾ നിരാശരാകേണ്ട കാര്യമില്ല. പക്ഷേ ഞായറാഴ്ച വരെ കാത്തിരിക്കണം എന്നുമാത്രം.
കാലാവസ്ഥ അനുകൂലമായാൽ മഴ മാറി നിന്ന് വെയിൽ പരന്നാൽ ഇന്നലെ വൈകീട്ട് തന്നെ വെടിക്കെട്ടു പൊട്ടിക്കാമെന്ന തീരുമാനം മാറ്റിയതോടെ വെടിക്കെട്ടു പ്രേമികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
പ്രതികൂല കാലാവസ്ഥയും മഴയും ഇടഞ്ഞു നിന്നാൽ വെടിക്കെട്ടു വീണ്ടും മാറ്റിവയ്ക്കേണ്ടി വരുമെന്നതിൽ ഇന്നലെ രാവിലെ മുതൽ തന്നെ ആർക്കും സംശയമുണ്ടായിരുന്നില്ല.
എങ്കിലും വെടിക്കെട്ടു പ്രേമികൾ പ്രതീക്ഷ വച്ചുപുലർത്തി.ഉണ്ടാക്കിയ വെടിക്കെട്ടുകൾ പൊട്ടിക്കാതിരിക്കാൻ കഴിയില്ലെന്നും ഇവ നിർവീര്യമാക്കാൻ സാധിക്കാത്തവയാണെന്നും പൊട്ടിച്ചു തന്നെ തീർക്കേണ്ടതാണെന്നും വെടിക്കെട്ടുകാർ പറഞ്ഞു.
ഉണ്ടാക്കിവച്ചവ എത്രയും പെട്ടെന്നു പൊട്ടിക്കണമെന്നാണ് ആഗ്രഹമെന്നും ലൈസൻസികൾ പറഞ്ഞു.ഏതാനും വർഷങ്ങൾക്കു മുന്പു പൂരത്തിനു മുന്പായി പാടൂക്കാടുണ്ടായ വെടിക്കെട്ട് അപകടത്തെത്തുടർന്നു പൂരം വെടിക്കെട്ടു മാറ്റിവച്ചപ്പോൾ അന്നു ബാക്കിയുണ്ടായിരുന്ന വെടിക്കോപ്പുകൾ നിർവീര്യമാക്കാൻ സാധിക്കാത്തതിനാൽ അവ പൊട്ടിച്ചുകളയേണ്ടി വന്നു. ഡിസ്ട്രക്ഷൻ എന്നു പേരിട്ടാണ് അന്നു രാവിലെ ഏഴുമണിയോടെ വെടിക്കെട്ടു നടത്തിയത്.