ഫ്രാങ്കോ ലൂയിസ്
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് അടക്കം കേരളത്തിൽ ക്ഷേത്രോൽസവങ്ങളുടെ വെടിക്കെട്ടിനു കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഇത്തവണയും സംസ്ഥാന സർക്കാരിനും ജില്ലാ കളക്ടർമാർക്കും നോട്ടീസ് അയച്ചു. ഡെപ്യൂട്ടി ചിഫ് കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ്സും കേന്ദ്ര സർക്കാരിനു കീഴിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനു (പെസോ)മാണ് നോട്ടീസ് അയച്ചത്.
കഴിഞ്ഞ തവണ പ്രത്യേക അനുമതി നൽകിയാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തിയത്. ഇത്തവണ വെടിക്കെട്ട് നടത്താനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗം. കഴിഞ്ഞ തവണ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കൾ സമ്മർദം ചെലുത്തിയാണ് തൃശൂർ പൂരം വെടിക്കെട്ടിനുള്ള അനുമതി നേടിയെടുത്തത്.
പൂരത്തിനു പൊട്ടിക്കാനുള്ള ഇനങ്ങളുടെ സാന്പിൾ ചെന്നൈയിൽ കൊണ്ടുപോയി പരിശോധന നടത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ടു നടക്കുന്പോൾ വെടിക്കെട്ടു നടക്കുന്ന തേക്കിൻകാട് മൈതാനിയോടു ചേർന്നുള്ള സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിച്ചിരുന്നില്ല.
വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിന് 250 മീറ്ററിനുള്ളിൽ സ്കൂളോ ആശുപത്രിയോ ഉണ്ടാകാൻ പാടില്ല. തൃശൂരിൽ ജില്ലാ സഹകരണ ആശുപത്രിയും സിഎംഎസ് സ്കൂളും ഈ നിബന്ധന പാലിക്കുന്നതിനു തടസമാകും. പൊട്ടിക്കുന്ന സ്ഥലത്തിന് നൂറു മീറ്റർ അകലംവരെ സുരക്ഷാ മേഖലയായിരിക്കണം. ഈ മേഖലയിൽ കെട്ടിടങ്ങൾ ഉണ്ടാകാൻ പാടില്ല. നൂറു മീറ്റർ പരിധിയിലേക്കു ജനങ്ങളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
കരാറുകാർ പെസോ ലൈസൻസിൽ അനുവദിക്കപ്പെട്ടതിലേറെ വെടിക്കെട്ടു സ്ാധനങ്ങൾ തയാറാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കണം. ജില്ലാ കളക്ടർ ലൈസൻസ് നൽകിയ വെടിക്കെട്ടു നിർമാണ കരാറുകാരുടെ വെടിക്കോപ്പുകൾ വെടിക്കെട്ടിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നീ ഇനങ്ങൾ തയാറാക്കാനുള്ള ലൈസൻസ് നൽകാൻ ജില്ലാ കളക്ടർക്ക് അധികാരമില്ല. ഇത്തരം ഇനങ്ങൾക്കു ലൈസൻസ് നൽകേണ്ടതും വെടിക്കെട്ടിന് അനുമതി നൽകേണ്ടതും ’പെസോ’ ആണെന്നും ഉത്തരവിൽ ഓർമിപ്പിക്കുന്നുണ്ട്.22 നിബന്ധനകളാണ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ് പുറത്തിറക്കിയ ഉത്തരവിൽ മുന്നോട്ടുവച്ചിരിക്കുന്നത്.
ആറാട്ടുപുഴ പൂരത്തിന്േറയും വെടിക്കെട്ടിനും അനുമതിക്കു തടസമുണ്ടാകുമെന്നാണു ചൂണ്ടിക്കാണിക്കുന്നത്. കോടതി വിധിയുമായാണ് ചാലക്കുടി വേലുപ്പിള്ളി ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ വെടിക്കെട്ട് നടത്തിയത്. ജില്ലാ കളക്ടർ പ്രത്യേക അനുമതി നൽകി കുറ്റിയാങ്കാവിൽ അനുവദിച്ചതിലും അധികം പൊട്ടിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.