തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിന് ഉപയോഗിക്കാൻ പെസോ അനുമതി നൽകിയ വെടിക്കെട്ടു സാമഗ്രികൾ ഈ വർഷവും ഉപയോഗിക്കാമെന്ന് നാഗ്പൂരിലെ എക്സ്പ്ലോസീവ് ചീഫ് കണ്ട്രോളർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ നടന്ന മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
ഓലപ്പടക്കം, 6.8 സെന്റീ മീറ്റർ വ്യാസമുളള ഗുണ്ട്, നാല് ഇഞ്ച് വലിപ്പമുള്ള കുഴിമിന്നൽ, ആറ് ഇഞ്ച് വ്യാസമുളള അമിട്ട് എന്നിവ ഉപയോഗിക്കാനാണ് അനുമതിയെന്നും കളക്ടർ അറിയിച്ചു. പൂരം സുഗമമായി കാണാൻ എംഒ റോഡ്, രാഗം, എംജി റോഡിലെ കാർ പാർക്കിംഗ് ഏരിയ, കരുണാകരൻ നന്പ്യാർ റോഡ്, പാറമേക്കാവിനടുത്തുള്ള സബ്വേ എന്നിവിടങ്ങളിൽ എൽഇഡി വാൾ സ്ഥാപിക്കും.
വെടിക്കെട്ടു നടക്കുന്നിടത്തു നിന്ന് 100 മീറ്റർ അകലെ നിന്ന് കാണിക്കൾക്ക് കാണാനുളള സൗകര്യം ഒരുക്കും. വെടിക്കെട്ടു സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിനിൽ നിന്ന് 45 മീറ്റർ അകലം പാലിക്കണം. പൂരത്തിന് നിരക്കുന്ന ആനകളിൽനിന്ന് പൊതുജനങ്ങൾക്ക് അകലം പാലിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും പൂരം നടത്തുക.
പഴയ കെട്ടിടങ്ങളിൽ കയറി പൂരം കാണുന്നത് നിരോധിച്ചു. ഹോട്ടലുകളും ലോഡ്ജുകളും അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുള്ളതിനാൽ ഹോട്ടൽ ലോഡ്ജ് ഉടമകളുടെ യോഗം ചേരും. യോഗത്തിൽ എഡിഎം സി. ലതിക സന്നിഹിതയായി.