പാലക്കാട്: തൃശൂർ പൂരം വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ലൈസൻസില്ലാതെ ഓരോന്നു വിളിച്ചുപറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷ് ഗോപി ഇപ്പോഴും സിനിമാസ്റ്റൈലിൽ തന്നെയാണെന്നും പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂരം അലങ്കോലമാക്കിയത് ആർഎസ്എസ് ആണ്. പൂരം പൂർണമായും കലങ്ങിയിട്ടില്ല.
എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയർത്തുകയാണ് യുഡിഎഫും ബിജെപിയും. വർഗീയ ധ്രുവീകരണത്തിനു പൂരം ഉപയോഗപ്പെടുത്താനാണു ശ്രമം. ബിജെപിക്കു സഹായം ചെയ്തുകൊടുക്കുകയാണ് വി.ഡി. സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു.
എഡിഎമ്മിന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ല. പൂർണമായും എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ല.
പോലീസിനു നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേയെന്നും നിയമ നടപടികൾ അങ്ങനെ തുടരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സ്വന്തം ലേഖകൻ