തൃശൂർ: പൂരലഹരിയിൽ തൃശൂർ നഗരം ഇളകിമറിയുന്പോൾ പൂരവിളംബരം കുറിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പേരാമംഗലത്ത് ശാന്തനായി നിൽക്കുന്നു. പൂരം ദിവസം രാമൻ എന്തു ചെയ്യുന്നുവെന്നറിയാൻ തെച്ചിക്കോട്ടുകാവിലെത്തിയപ്പോൾ കണ്ടത് ഇന്നലെ പൂരനഗരിയിൽ കണ്ട രാമനെയല്ല. പട്ട തിന്ന് തലയാട്ടി തലയെടുപ്പിന്റെ മസ്തകം അധികം ഉയർത്താതെ രാമൻ പൂരമറിയാതെ..പൂരത്തിരക്കറിയാതെ അങ്ങിനെ നിൽക്കുകയായിരുന്നു രാമൻ.. ഒരു പൂരവിളംബരത്തിന്റെ നല്ലോർമകളുമായി…
തെക്കോട്ടിറക്കത്തിന്റെയും പൂരത്തിരക്കിന്റെയും സാന്പിളായിരുന്നു പൂരവിളംബരത്തിന് തൃശൂർ നഗരത്തിൽ കണ്ടത്. രാമൻ ഇഫക്ട് മാത്രമായിരുന്നു ആ ജനസഞ്ചയത്തിന് കാരണം.തനിക്കു മുന്നിലെത്തിയ ആൾക്കൂട്ടത്തിന്റെ മനസു വായിച്ചറിഞ്ഞ് പലകുറി തുന്പിക്കൈ ഉയർത്തി അവരെ അഭിവാദ്യം ചെയ്ത് അവരുടെ ആർപ്പുവിളികളും കയ്യടികളും ഹൃത്തടത്തിലേറ്റു വാങ്ങുന്പോൾ രാമനും സന്തോഷിച്ചിരിക്കണം.
ഇന്നലെ പൂരവിളംബരം കഴിഞ്ഞ് പേരാമംഗലം തെച്ചിക്കോട്ടുകാവിലെത്തിയപ്പോൾ രാമനെ തിരികെ സ്വീകരിക്കാനും ആൾക്കൂട്ടമുണ്ടായിരുന്നു. ഒരു കുഴപ്പവുമുണ്ടാക്കാതെ ശാന്തഗംഭീരനായി നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങിയെത്തിയ രാമനെ ആർപ്പുവിളികളോടെയാണ് തട്ടകക്കാർ തെച്ചിക്കോട്ടേക്ക് തിരിച്ചുവരവേറ്റത്.