സ്വന്തം ലേഖകൻ
തൃശൂർ: പൂരപ്പറന്പിൽ നിന്ന് ര മാഞ്ഞുപോയി. ഇനി പത്തു നാൾ പൂരപ്പറന്പ് പൂപ്പറന്പാണ്. എത്ര കണ്ടാലും മതിയാവാത്ത പൂക്കളുടെ കുടമാറ്റക്കാഴ്ചകളാണിനി തേക്കിൻകാട്ടിൽ. തൃശൂർ അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുഷ്പഫല സസ്യ പ്രദർശനം അഥവാ തൃശൂർക്കാരുടെ സ്വന്തം ഫ്ളവർഷോ ഇന്ന് തുടങ്ങുകയാണ്. തേക്കിൻകാട് തെക്കേ ഗോപുരനടയിലാണ് സ്വദേശികളും വിദേശികളുമായ നിരവധി പൂക്കൾ കാഴ്ചക്കാർക്ക് കണ്ണിന് വിരുന്നൊരുക്കാൻ വിരിഞ്ഞുനിൽക്കുന്നത്.
ഇന്നു രാത്രി ഏഴിന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. വൈവിധ്യമാർന്ന ഒട്ടനവധി പൂക്കളും ചെടികളും ഇത്തവണത്തെ പുഷ്പോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. എഴുപത് തരത്തിലുള്ള പനിനീർപ്പൂക്കളുടെ നീണ്ട നിരതന്നെ കാണാനുണ്ട്. ഇന്ത്യയ്ക്കു പുറമെ സിംഗപ്പൂർ, ഹോളണ്ട്, മലേഷ്യ, തായ്ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളും ചെടികളും പുഷ്പമേളയിൽ ഇടം പിടിച്ചിട്ടുണ്ട്.
തുർക്കിയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുള്ള ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള ബ്ലാക്ക് റോസ് മേളയിലെ താരമാണ്.
ഓർക്കിഡുകളുടെ വൈവിധ്യമാർന്ന ശേഖരവും എണ്ണമറ്റ ഡാലിയ പൂക്കളും കാഴ്ചക്കാർക്ക് കണ്ണിന് വിരുന്നാകും.
നാടൻ പൂക്കളും മേളയെ ആകർഷകമാക്കാനുണ്ട്. ബംഗളുരുവിൽ നിന്നും ഉൗട്ടിയിൽ നിന്നും എത്തിച്ച പൂക്കളും പുഷ്പോത്സവത്തിന് അഴകേറ്റും.
പുഷ്പോത്സവത്തിന് മാറ്റുകൂട്ടാൻ ഇത്തവണ ഇതാദ്യമായി വിവിധയിനം പക്ഷികളുടെ പ്രദർശനവും പുഷ്പനഗരിയിലുണ്ട്. എഴുപതോളം പക്ഷികൾ ഇതിലുണ്ടാകും. അലങ്കാര മത്സ്യപ്രദർശനവും ഒരുക്കിയിട്ടുണ്ട്. പുഷ്പമേള കാണാനെത്തുന്നവർക്ക് പൂച്ചെടികൾ വാങ്ങാനും സൗകര്യമുണ്ട്. വിവിധയിനം കാർഷികോത്പന്നങ്ങൾ, പൂച്ചെടികൾ, പച്ചക്കറി ചെടികളും വിത്തുകളും, പൂച്ചെട്ടികൾ, ഗാർഡനിംഗ് ഉപകരണങ്ങൾ തുടങ്ങി വാങ്ങാനും ഏറെയുണ്ട്.
ബോണ്സായ് വൃക്ഷങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. പുഷ്പാലങ്കാരം, ഡ്രിഫ്റ്റ് വുഡ്, വെജിറ്റബിൾ കാർവിംഗ് എന്നിവയും പുഷ്പമേളയിൽ കാണാം. കൃഷിവകുപ്പ്, കാർഷികസർവകലാശാല, വെറ്ററിനിറി സർവകലാശാല, തൃശൂർ കോർപറേഷൻ, ജില്ല പഞ്ചായത്ത്, കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവരുടെ സഹകരണവും പുഷ്പമേളയ്ക്കുണ്ട്.
ദിവസവും വൈകീട്ട് പുഷ്പനഗരിയിൽ കലാപരിപാടികളുമുണ്ടാകും.