ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലം നിറ നാളെ നടത്തും. രാവിലെ എട്ടിന് നമസ്കാര മണ്ഡപത്തിൽ വെച്ച് ഗണപതി പൂജയോടെയാണ് ഇല്ലം നിറയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മീപൂജക്ക് തുടക്കം കുറിക്കും.
ലക്ഷ്മീപൂജയുടെ മധ്യേ അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിൽ തയ്യാറാക്കി ഗോപുരത്തിൽ വച്ചിരിക്കുന്ന പൊൻകതിരുകൾ മേൽ ശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്േറയും മണിനാദത്തിന്േറയും ശംഖനാദത്തിന്േറയും ഭക്തജനങ്ങളുടേയും അകന്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും.
ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം വെച്ച് കതിർക്കറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷ്മീപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും. ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.
മേൽശാന്തിമാരായ നടുവത്തു മന നാരായണൻ നന്പൂതിരിയും ഏറന്നൂർ സംഗമേശ്വരൻ നന്പൂതിരിയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
കതിർക്കറ്റകൾ ആറാട്ടുപുഴ പൂരപ്പാടത്തുനിന്ന്
ആറാട്ടുപുഴ പൂരപ്പാടം കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പൂരപ്പാടത്ത് വിളയിച്ചെടുത്ത കതിർ കറ്റകളാണ് ഇക്കുറിയും ആറാട്ടുപുഴ ക്ഷേത്രത്തിൽ ഇല്ലം നിറക്ക് എടുക്കുക. രണ്ടു വർഷം മുന്പ് വരെ ആറാട്ടുപുഴ പൂരപ്പാടത്ത് കൃഷി മുടങ്ങി കിടന്നിരുന്നതിനാൽ മറ്റു ജില്ലകളിൽ നിന്നാണ് ഇല്ലം നിറക്കുള്ള കറ്റകൾ കൊണ്ടു വന്നിരുന്നത്.
ആറാട്ടുപുഴ ക്ഷേത്രം ഉൾപ്പെടെയുള്ള മറ്റു എല്ലാ ക്ഷേത്രങ്ങൾക്കും ആവശ്യാനുസരണം ആറാട്ടുപുഴ പൂരപ്പാടത്ത് വിളയിച്ച കതിർകറ്റകൾ തന്നെ ഇല്ലം നിറക്ക് വേണമെന്ന ആറാട്ടുപുഴ പൂരപ്പാടം കർഷക സംഘത്തിന്റെ ആഗ്രഹമാണ് ഫലപ്രാപ്തിയിലെത്തിയത്. ഇതിനായി രണ്ട് ഏക്കർ ഭൂമിയിൽ നെൽകൃഷിയിറക്കിയിട്ടുണ്ട്.