ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ അപകീര്‍ത്തിക്കേസ് നല്കിയ ഗുജറാത്ത് എംഎല്‍എ പൂര്‍ണേഷ് മോദിക്ക് പുതിയ സംഘടനാ ചുമതല നല്കി ബിജെപി. ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ചുമതലയാണ് നല്‍കിയത്.
പൂര്‍ണേഷ് മോദിയെ പ്രദേശ് പ്രഭാരിയായും ദുഷ്യന്ത് പട്ടേലിനെ സഹപ്രഭാരിയായും നിയമിച്ചു. തെക്കന്‍ ഗുജറാത്തിൽനിന്നുള്ള പൂര്‍ണേഷ് മോദി സൂറത്ത് വെസ്റ്റില്‍നിന്നുള്ള എംഎല്‍എയാണ്. പ്രദേശത്തുനിന്നുള്ള ശക്തനായ ഒബിസി നേതാവ് കൂടിയാണ് പൂർണേഷ് മോദി.
കോലാറില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരേ പൂര്‍ണേഷ് മോദി നല്കിയ പരാതിയില്‍ രാഹുല്‍ഗാന്ധിയെ വിചാരണക്കോടതി തടവിനു ശിക്ഷിച്ചിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തെ അയോഗ്യനാക്കി. രാഹുലിനെതിരേയുള്ള ശിക്ഷാവിധി കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി സ്റ്റേ ചെയ്തു.