തുറവൂർ: യുഡിഎഫ് അരൂർ നിയോജകമണ്ഡലം സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൂതനയെന്ന് പരാമർശം നടത്തി ആക്ഷേപിച്ച മന്ത്രി ജി. സുധാകരനെതിരെ ഷാനിമോളും യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിയും ഇലക്ഷൻ കമ്മീഷനും ജില്ലാ കളക്ടർക്കും നൽകിയ കേസ് അട്ടിമറിക്കാൻ സർക്കാർ ബാഹ്യസമ്മർദം നടത്തുന്നതായി ഡിസിസി പ്രസിഡന്റ് എം.ലിജു പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ജി.സുധാകരനെതിനെതിരെ നടപടി സ്വീകരിക്കുന്നതുവരെ മഹിള കോണ്‍ഗ്രസ് സംസ്ഥാനതലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പായപ്പോൾ സിപിഎം നേതാക്കൾ ആർഎസ്എസ് നേതാക്കളുടെ വീടുകൾ സന്ദർശിച്ച് സഹായം തേടുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി തോമസ് ഐസക്കും പി.ജയരാജനും തുറവൂർ ഗ്രാമപഞ്ചായത്തിലെ ഉന്നതരായ ചില ആർഎസ്എസ് നേതാക്കളുടെ വസതിയിലെത്തി അവിശുദ്ധ കൂട്ടുകെട്ടിനുള്ള ധാരണയുണ്ടാക്കിയതായി ലിജു ആരോപിച്ചു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രമ്യഹരിദാസിനെതിരെ അപകീർത്തികരമായ പരാമർശം എൽഡിഎഫ് കണ്‍വീനർ വിജയരാഘവൻ നടത്തിയിരുന്നു. ഇതിനെതിരെ ഇലക്ഷൻ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും എൽഡിഎഫ് സർക്കാർ കേസ് അട്ടിമറിച്ചു. സ്ത്രീവിരുദ്ധ നിലപാടുകളാണ് എൽഡിഎഫ് നേതാക്കളിൽ നിന്നുമുണ്ടാകുന്നത്. ജില്ല കലക്ടറും മറ്റു ഉദ്യോഗസ്ഥരും പോലീസും കടുത്ത ബാഹ്യസമ്മർദത്തെ തുടർന്ന് കേസെടുക്കാനാവാത്ത നിസഹായവസ്ഥയിലാണ്.
സംശുദ്ധ പ്രവർത്തനം നടത്തി വരുന്ന സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ച മന്ത്രി ജി.സുധാകരൻ മാപ്പ് പറയുക തന്നെ വേണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ് പറഞ്ഞു. ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനത്തിൽ സർക്കാർ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതായും അവർ കുറ്റപ്പെടുത്തി. കെപിസിസി നിർവാഹകസമിതി അംഗം റ്റി.ജി. പത്മനാഭൻ നായർ, യുഡിഎഫ് ചെയർമാൻ പി.കെ.ഫസലുദ്ദീൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.