തിരുവനന്തപുരം: പൂതനാ പരാമർശത്തിൽ തനിക്കുനേരെ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ക്രിമിനലുകളെന്ന് മന്ത്രി ജി.സുധാകരൻ. പൂതനാ പരാമർശം കൊണ്ടല്ല അരൂരിൽ വിജയമുണ്ടായതെന്ന് ഷാനിമോൾ ഉസ്മാൻ പോലും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങളിലൂടെ വീഴ്ച്ചകൾ മറയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
ഷാനിമോൾ ഉസ്മാനെതിരായ സുധാകരന്റെ പൂതന പരാമർശം തിരിച്ചടിയായെന്ന് ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ വിമർശനം ഉയർന്നെന്നായിരുന്നു റിപ്പോർട്ട് വന്നത്. പൂതന പരാമർശം ഉപതെരഞ്ഞെടുപ്പിൽ വോട്ടുകൾ കുറച്ചെന്ന് യോഗം വിലയിരുത്തി എന്നായിരുന്നു വാർത്ത. ഇതിനെ തള്ളിയാണ് ജി.സുധാകരൻ നേരിട്ട് രംഗത്തെത്തിയത്.
എൽഡിഎഫ് കുടുംബയോഗത്തിലായിരുന്നു ഷാനിമോൾ ഉസ്മാനെതിരായ മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാർക്ക് അരൂരിൽ വിജയിക്കാനാകില്ല എന്നായിരുന്നു ജി.സുധാകരൻ പറഞ്ഞത്.