പയ്യന്നൂര്‍: ചെമ്പ് കമ്പിമോഷണത്തിനിടെ തമിഴ്നാട് സ്വദേശിനിയെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് കള്ളക്കുറിശിയിലെ രാജാറാമിന്റെ ഭാര്യ പൂവായി (37) യെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലരയോടെ കോളോത്ത് നിന്നാണ് സ്ത്രീ പിടിയിലായത്.പട്രോളിംഗിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടാണ് പോലീസ് വാഹനം നിര്‍ത്തിയത്.ഉടന്‍ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന നാല് പേര് ഓടി രക്ഷപ്പെട്ടു.ഇവരുടെ കൂടെ ഓടി രക്ഷപ്പെട്ട സ്ത്രീയെ പോലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സുനിത ഫെര്‍ണാണ്ടസാണ് ഓടിച്ചിട്ട് പിടിച്ചത്.
സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് അഴിച്ച് പരിശോധിച്ചപ്പോഴാണ് 35 കിലോ തൂക്കം വരുന്ന ചെമ്പ് പട്ട കണ്ടെത്തിയത്.വയറിംഗ് എര്‍ത്ത് കൊടുക്കുന്നതിനും മിന്നല്‍ രക്ഷാ ചാലകത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള വിലപിടിപ്പുള്ള ചെമ്പുപട്ടയാണ് പിടികൂടിയത്.കൂടാതെ പെയിന്റിംഗിന് ഉപയോഗിക്കുന്ന മൂന്ന് ലിറ്റര്‍ തിന്നറുമുണ്ടായിരുന്നു.
പഴയങ്ങാടി ഭാഗത്ത് താമസിച്ച് ആളുകളില്ലാത്ത വീടുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തില്‍ പെട്ടതാണ് പൂവായിയെന്ന് പോലീസ് പറഞ്ഞു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന ചെമ്പ് കമ്പി മോഷണം പോയതായുള്ള പരാതികളില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിനി പിടിയിലായത്.