കാട്ടാക്കട : കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പൂവച്ചൽ പഞ്ചായത്തിൽ ആക്രമണ പരമ്പര. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമാണ് ആക്രമണം നടന്നത്. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് അംഗം ജി.ഒ ഷാജിയുടെ മുളമുക്കിലുള്ള വീടിനു നേരെയാണ് കല്ലേറ് നടന്നത്.
സിപിഎം അംഗമായ ഷാജിയുടെ വീടിനു നേരെ ഇന്നലെ രാത്രിയിലാണ് കല്ലേറ് നടന്നത്. പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സമദർശനി ഗ്രന്ഥശാലയ്ക്ക് നേരെ കല്ലേറ് നടന്നതും രാത്രിയിലാണ്. ഗ്രന്ഥശാലയുടെ വാതിൽ തകർന്നു. പന്തടിക്കളം ഷാനിന്റെ വീടിനു നേരെയായി അടുത്ത ആക്രമണം. ഷാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്.
പൂവച്ചൽ കോൺഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് പൊന്നടുത്ത കുഴി സത്യദാസിന്റെ വീടിൽ രാത്രി കല്ലേറ് നടന്നു. വീട്ടുകാർ ഉണർന്നതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെട്ടു. പൂവച്ചൽ പുളിങ്കേട് ക്ഷേത്രത്തിനു സമീപം സുകുമാരൻനായരുടെ വീടിനു നേരെയായി അടുത്ത ആക്രമണം.
സുകുമാരൻനായർ കോൺഗ്രസ് പ്രവർത്തകനാണ്. പൂവച്ചലിലെ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസും അക്രമികൾ തല്ലി തകർത്തു. ജനൽചില്ലകൾ തകർന്നു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി.