കാട്ടാക്കട: പൂവച്ചലിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തിൽ കാട്ടാക്കട പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. അഡീഷണൽ എസ്പി സുൽഫിക്കറാണ് അന്വേഷണം നടത്തുക. കുട്ടിയെ കാർ ഇടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പോലീസ് തുടർ നടപടികൾ വൈകിപ്പിച്ചുവെന്നാണ് പരാതി.
പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെ യും ഷീബയുടെയും മകനായ ആദിശേഖർ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്. തുടക്കത്തിൽ അപകട മരണം എന്നുകരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന തരത്തിലേക്ക് വന്നത്.
കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തന്നെയെന്നാണ് പോലീസ് അനുമാനിക്കുന്നത്. പ്രതിയായ പ്രിയരഞ്ജൻ അരമണിക്കൂർ കാത്തുനിന്ന് ആദിശേഖർ റോഡിലേക്ക് സൈക്കിളുമായി കയറിയപ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത് അതിവേഗത്തിൽ ഇടിച്ച് തെറിപ്പിച്ചത്.
പുളിങ്കോട് ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് ബന്ധുകൂടിയായ ആദിശേഖറിനോട് പ്രിയരഞ്ജന് വൈരാഗ്യം ഉണ്ടെന്നാണ് മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.
കാറ് വേഗത്തിലോടിച്ച് കുട്ടിയെ ഒന്ന് പേടിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രിയരഞ്ജൻ പോലീസിനോട് പറയുന്നത്. എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ല.
കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണവും കാട്ടാക്കട പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രിയരഞ്ജൻ കുട്ടിയെ അപായപ്പെടുത്താൻ ഉപയോഗിച്ച ഇലക്ട്രിക് കാർ ഫൊറൻസിക് വിഭാഗം പരിശോധിച്ചു.
വിരലടയാളങ്ങളും കാറിലെ ചോരപ്പാട് ഉൾപ്പടെയുള്ള തെളിവുകൾ ശേഖരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കാറ് വിശദമായി പരിശോധിച്ചു.
നരഹത്യയ്ക്കാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതിനിടെ ആദിശേഖറിന്റെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച് പ്രതിയെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ടെന്ന് കാട്ടി ആദിശേഖറിന്റെ കുടുംബം കാട്ടാക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.