എസ്.മഞ്ജുളാദേവി
തിരുവനന്തപുരം: ഹൃദയം ഒരു വീണയാക്കി സൗമ്യനായി, തികച്ചും ശാന്തനായി മലയാള ചലച്ചിത്ര ഗാനലോകത്ത് നിറഞ്ഞ ഒരു സാന്നിധ്യം, അതായിരുന്നു പൂവച്ചൽ ഖാദർ.
പി. ഭാസ്കരനും വയലാറും ഒഎൻവിയും ശ്രീകുമാരൻ തന്പിയും അരങ്ങ് വാണ ഗാനലോകത്തേക്കു 1973-ൽ നടന്നു കയറിയ ഗാനരചയിതാവ്.
തുന്പപ്പൂക്കൾ അടർന്നു വീഴുന്ന പോലെയായിരുന്നു ആ ഗാനങ്ങൾ. അതിലേറെ നിർമലമായിരുന്നു പൂവച്ചൽ ഖാദറിന്റെ മനസും. എല്ലാ മനുഷ്യരേയും മതങ്ങളെയും ഒന്നായി കാണുവാൻ കഴിഞ്ഞിരുന്നു പൂവച്ചൽ എന്ന തനി നാടൻ ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന ഖാദറിന്.
തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശമായ കാട്ടാക്കടയിലാണ് പൂവച്ചൽ എന്ന ഗ്രാമം. നെയ്യാറും ആർദ്രനിലാവും നീല രാവും അലിയുന്ന ഭൂപ്രകൃതി.
പുതിയ അനുഭൂതി
അതുകൊണ്ട് ആകാം “കായലും’ “രാവും’ “ഹൃദയവും’ “മൂവന്തിപ്പെണ്ണും’ “മാനസവും’ എല്ലാം ചേരുന്നൊരു പുതിയ അനുഭൂതി പൂവച്ചൽ ഖാദറിന്റെ ഗാനങ്ങളിൽ ഉണ്ടായിരുന്നത്.
കായലും കടലും പുഴയും മനോഹരമാക്കുന്ന ചിറയിൻകീഴിൽ നിന്നുമാണ് സഹധർമിണി പൂവച്ചലിന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ചിരിയിൽ ചിലങ്ക കെട്ടിയ ചിറയിൻകീഴിനോട് കവിക്ക് ഇഷ്ടം കൂടുതലുണ്ടായതും അങ്ങനെയാണ്.
“ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ മൂവന്തി പെണ്ണുറങ്ങാൻ കിടന്നു…’
“ചിത്തിരതോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ…
ചിറയിൻകീഴിലെ പെണ്ണേ…’
“കായലും കയറും’എന്ന സിനിമയ്ക്ക് വേണ്ടി പൂവച്ചൽ ഖാദർ എഴുതിയ ഈ ഗാനങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലർ ഗാനങ്ങളിൽ ഉൾപ്പെടുന്നതാണ്.
തുടക്കം 1972-ൽ
1972-ൽ പുറത്തിറങ്ങിയ “കവിത’ എന്ന സിനിമയ്ക്കു വേണ്ടി കവിതകൾ രചിച്ചുകൊണ്ടായിരുന്നു തുടക്കം. “കാറ്റു വിതച്ചവൻ’ എന്ന ചിത്രത്തിനുവേണ്ടി പിന്നീട് “മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു’ എന്ന അതിമനോഹര ഗാനം എഴുതി. ഇതേ സിനിമയ്ക്കുവേണ്ടി “നീ എന്റെ പ്രാർഥന കേട്ടു…’
എന്ന ക്രിസ്തീയ ഭക്തിഗാനവും രചിച്ചു. “കാറ്റുവിതച്ചവൻ’ എന്ന സിനിമയിലേതാണ് ആദ്യ ഗാന രചനയെങ്കിലും ആദ്യം റിലീസായത് “ചുഴി’ എന്ന സിനിമയാണ്. “ചുഴി’യിലെ ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ തൃക്കാൽ കഴുകുന്നു നാഥാ’ എന്ന ഗാനവും ക്രിസ്തീയ ഭക്തി ഗാനം തന്നെയായിരുന്നു.
എസ്. ജാനകി ആലപിച്ച ഈ ഗാനം ഭക്തിയുടെ അഭൗമതലം തന്നെയാണ് തീർത്തതും. എങ്കിലും പൂവച്ചൽ ഖാദറിന്റെ സാന്നിധ്യം ചലച്ചിത്രലോകത്ത് ഉറപ്പിക്കുന്നത് കാറ്റ് വിതച്ചവനിലെ രണ്ട് ഗാനങ്ങൾ ആണ്.
ഗാനരചയിതാവിന്റെ തൂലികയിലെ ആദ്യ രണ്ട് ഗാനങ്ങൾക്കും മറ്റൊരു മന്ത്രസൗന്ദര്യം കൂടി ഉണ്ട്. മഴവില്ലിൻ അജ്ഞാത വാസം കഴിഞ്ഞു എന്ന പ്രണയ ഗാനത്തിൽ തെളിഞ്ഞു നിൽക്കുന്നത് ശ്രീകൃഷ്ണന്റെ അനുരാഗ ജാലമാണ്.
“ആടയ്ക്കായ് പുഴ ഓളക്കൈ നീട്ടുന്നു
ആഴിയോ മറ്റു കാർവർണനായ്…’
എന്നാണ് കവി എഴുതുന്നത്. ഇതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ഭക്തിതലത്തിൽ ആണ് “നീ എന്റെ പ്രാർഥന കേട്ടു…’ എന്ന ക്രിസ്തീയ ഭക്തിഗാനം നിലകൊള്ളുന്നത്. “ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ’ ആഴലിൻ കൂരിരുൾ മാറ്റി എന്നാണ് പല്ലവിയിലെ വരികൾ !
കാലത്തിന്റെ നിയോഗം
ഹൈന്ദവ ബിംബങ്ങളും ക്രിസ്തീയ ഭക്തിസർവസ്വവും ഉൾച്ചേർത്ത് കൊണ്ടായിരുന്നു പൂവച്ചൽ ഖാദറിന്റെ രംഗ പ്രവേശം എന്നത് കാലത്തിന്റെ മറ്റൊരു നിയോഗമാകാം. !
ഒട്ടേറെ സവിശേഷതകൾ ഉണ്ട് പൂവച്ചൽ ഖാദർ എന്ന ഗാന രചയിതാവിന്. തന്റെ മുൻഗാമികളായിരുന്ന വയലാർ, പി. ഭാസ്കരൻ, ഒഎൻവി, ശ്രീകുമാരൻ തന്പി തുടങ്ങിയ ഇതിഹാസങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തമാക്കിയ നിരവധി കാര്യങ്ങളുണ്ട്.
അതിൽ പ്രധാനപ്പെട്ടത് വളരെ വേറിട്ട ഈണ ശൈലികൾ ഉള്ള സംഗീത സംവിധായകർക്കൊപ്പം ചേർന്ന് വലിയ ഹിറ്റുകൾ സമ്മാനിച്ചു എന്നതാണ്.
എ.ടി. ഉമ്മർ, എം.കെ. അർജുനൻ, എം.ജി.രാധാകൃഷ്ണൻ, ശ്യാം, രവീന്ദ്രൻ, ജോണ്സണ് തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം ചേർന്നപ്പോൾ ഉണർന്ന ഗാനങ്ങൾ ഉദാഹരണങ്ങളാണ്.
എ.ടി. ഉമ്മർ- പൂവച്ചൽ ഖാദർ കൂട്ടുകെട്ടിലെ “ആദ്യ സമാഗമ ലജ്ജയിൽ ആതിരതാരകം കണ്ണയ്ക്കുന്പോൾ…,’
“എന്റെ ജന്മം നീയെടുത്തു…’
അതുപോലെ എം.ജി.രാധാകൃഷ്ണനുമായി ചേർന്നുള്ള “നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’
തുടങ്ങിയ ഗാനങ്ങൾ മധുമാസ രാഗമായി, കാത്തിരിപ്പിന്റെ തുടിപ്പായി ഇന്നും വിങ്ങിപ്പടരുന്നു.
ജോണ്സണിന്റെ മന്ത്രസംഗീതത്തിൽ പൂവച്ചൽ ഖാദർ വിരൽ മുക്കിയപ്പോൾ ഉണർന്ന അനുഭൂതി “ഏതോ ജന്മ കൽപ്പനയിൽ…’ എന്ന ഗാനത്തിൽ അലയടിക്കുന്നുണ്ട്. രവീന്ദ്രന്റെ ഈണത്തിൽ ചാലിച്ചെടുത്ത “സിന്ധൂര സന്ധ്യയ്ക്ക് മൗനം….’ “ഹൃദയം ഒരു വീണയായി…’ എന്നിവ പകരുന്നത് മറ്റൊരു ആസ്വാദ്യതയും.
പൂവച്ചൽ ഖാദർ – ശ്യാം ടീമിന്റെ “മധുമാസം പോയല്ലോ,’ “പൂമാനമേ ഒരു രാഗ മേഘം താ…’ തുടങ്ങിയ ഗാനങ്ങളും മറക്കുക വയ്യ.
എൻജിനിയറിംഗും കലയും
ഔദ്യോഗിക ജീവിതം മുഴുവൻ എൻജിനിയർ ആയി പ്രവർത്തിച്ച പൂവച്ചൽ ഖാദർ എൻജിനിയറിംഗും കലയും വിഭിന്നമല്ല എന്ന് പറഞ്ഞിരുന്നു. സംഗീത സംവിധായകൻ തീർക്കുന്ന ഈണത്തിനു അനുസരിച്ച് വരികൾ എഴുതുന്പോഴും ഈ എൻജിനീയറിംഗ് വൈദഗ്ധ്യം സഹായിക്കുന്നു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. കണക്കിലെ സിദ്ധാന്തം തെളിയിക്കുന്നത് പോലെ എഴുതിയതാണ് “പൂമാനമേ…’ “അനുരാഗിണി ഇതാ എൻ കരളിൽ വിടർന്ന പൂക്കൾ….’ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ.
365 സിനിമകൾക്കായി എഴുതിയ 1,041 ഗാനങ്ങളിൽ 95 % ശതമാനവും ഈണത്തിനു അനുസരിച്ചാണ് പൂവച്ചൽ ഖാദർ എഴുതിയത്. എന്ന വലിയ സവിശേഷതയുണ്ട്.