മൂവാറ്റുപുഴ: ഇടവേളയ്ക്കു ശേഷം മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും പൂവാലശല്യം രൂക്ഷമായതായി പരാതി. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചും വിദ്യാർഥിനികൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിലുമാണ് സംഘമായി എത്തുന്ന പൂവാലൻമാർ തന്പടിക്കുന്നത്.
കോളജ്, സ്കൂൾ വിദ്യാർഥികളുടെ വേഷവിധാനത്തോടെ എത്തുന്ന സംഘം ബസ് കാത്ത് നിൽക്കുന്ന രീതിയിൽ അഭിനയിച്ചാണ് വിദ്യാർഥിനികളെ ശല്യം ചെയ്യുന്നത്. വൈകുന്നേരം മൂന്നോടെ സംഘം മൂവാറ്റുപുഴ വണ്‍വേ ജംഗ്ഷൻ, കച്ചേരിത്താഴം, പിഒ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ കൂട്ടത്തോടെ എത്തിത്തുടങ്ങും. നാട്ടുകാർക്കും യാത്രക്കാർക്കും സംശയം തോന്നാത്ത രീതിയിൽ വിദ്യാർഥികളുടെ ഭാവത്തോടെ ആഢംബര ബൈക്കുകളിൽ എത്തുന്ന സംഘം പെണ്‍കുട്ടികളെ കളിയാക്കൽ പതിവായിരിക്കുകയാണ്.
ഇതിന് പുറമേ അന്പലംപടി-മുളവൂർ റൂട്ടിലും, പുതുപ്പാടി-ഇരുമലപ്പടി റൂട്ടിലും, ആസാദ് റോഡ്-ആട്ടായം റൂട്ടിലും, കീച്ചേരിപ്പടി-ഇരമല്ലൂർ റൂട്ടിലടക്കം പ്രധാന ഗ്രാമീണ റോഡുകളിലൂടെ പെണ്‍കുട്ടികൾക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. പല വിദ്യാർഥികളും മാനഹാനി ഭയന്ന് പൂവാലൻമാരുടെ ശല്യം പുറത്തു പറയാൻ മടിക്കുകയാണ്. പൂവാല സംഘത്തോട് എതിർത്ത് സംസാരിക്കുന്ന പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പടുത്തുന്നതായും പരാതിയുണ്ട്.
സ്കൂൾ, കോളജുകളിൽനിന്ന് വീട്ടിലേക്കു മടങ്ങുന്ന വിദ്യാർഥികൾക്കാണ് ഏറെ ശല്യം നേരിടേണ്ടി വരുന്നത്. ബസ് ഇറങ്ങി നടക്കുന്ന പെണ്‍കുട്ടികളുടെ പിന്നാലെ ബൈക്കിലെത്തിയാണ് സംഘം ശല്യം ചെയ്യുന്നത്. ഉഗ്രശബ്ദത്തോടെ നിരത്തുകളിൽ ചീറിപ്പായുന്ന ബൈക്കുകൾ അപകട ഭീഷണിയായും മാറിയിരിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി മൂവാറ്റുപുഴയിൽ പിങ്ക് പോലീസ് ആരംഭിച്ചങ്കിലും ഗ്രാമപ്രദേശങ്ങളിലെ ഇടവഴികളിൽ ഇവർ പെട്രോളിംഗ് നടത്താത്തത് പൂവലൻമാർക്ക് ഗുണകരമാകുന്നത്.
പ്രദേശത്ത് പോലീസ് പരിശോധനയില്ലാത്തതാണ് സ്കൂൾ വിദ്യാർഥികളടക്കം ഇരുചക്ര വാഹനത്തിൽ ചീറിപ്പായുന്നത്. പോലീസ് പട്രോളിംഗ് ഇവിടങ്ങളിൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.