കാട്ടാക്കട : സ്കൂൾ വിദ്യാർഥിനികളെ നിരന്തരമായി പിന്തുടർന്ന് ശല്യംചെയ്യുന്ന സംഘത്തിലെ ഒരാൾ പിടിയിലായ തിനെ തുടർന്ന് പോലീസ് അന്വേഷ ണം ഊർജിതമാക്കി. ഇവരുടെ സംഘത്തിൽ ഒരു സ്ത്രീയാണ് പ്രധാനിയെന്നാണ് സംശയം. സ്കൂൾ വിദ്യാർഥിനികളെ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്യുന്ന സംഘത്തിലെ ആനപ്പാറ കുടപ്പനമൂട് വയലിങ്കൽ അഖിൽ ഭവനിൽ അഖിൽ( 20) നെ പിടികൂടിയപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങൾ പോലീസിന് കിട്ടിയത്.
കൈനിറയെ പണവും മൊബൈൽ ഫോണും. പിന്നെ വിദേശത്ത് യാത്രയും. ഇത് പറഞ്ഞാണ് കഴിഞ്ഞ കുറെ നാളായി വിലസിയിരുന്ന സംഘത്തിലെ ഒരാൾ പിടിയിലാകുന്നത്. പിടിയിലായ അഖിൽ ഇടനിലക്കാരൻ എന്നാണ് അറിയുന്നത്. ഇവർക്ക് പിന്നിൽ ഒരു യുവതിയുണ്ട്. അവരാണ് പ്രധാന പ്രതി. വാണിഭ സംഘവുമായി ഇവർക്ക് ബന്ധമുണ്ട്. ഇവരാണ് പ്രേമം നടിച്ച് സ്കൂൾ കൂട്ടികളെ വീഴ്ത്താനുള്ള ശ്രമം നടത്തുന്നത്.
8ലും 9ലും 10 ലും പഠിക്കുന്ന വിദ്യാർഥിനികളെയാണ് ഇവർ ലക്ഷ്യമിടുന്നതും വലയിലാക്കാൻ ശ്രമിക്കുന്നതും. ഇടനിലക്കാർക്ക് പണവും ബൈക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. പോലീസ് ഇവരെ പിടികൂടാൻ വല വിരിച്ചിട്ടുണ്ട്. പ്ലാവൂർ ഹൈസ്കൂളിലെ വിദ്യാർഥനികളെയാണ് കഴിഞ്ഞ ഒരു മാസമായി അഖിൽ ഉൾപ്പെടുന്ന സംഘം ശല്യപ്പെടുത്തുന്നത്. നാലുേപര് അടങ്ങുന്ന സംഘത്തിൽ ഒരു യുവതിയും ഉണ്ടെന്നാണ് പോലീസിന് കിട്ടിയവിവരം. വിവിധയിനം ബൈക്കുകളിൽ ഇവർ രാവിലെയും വൈകിട്ടും സ്കൂൾ പരിസരത്ത് എത്തും. സ്കൂൾ വിദ്യാർഥിനികളെ ഇവർ പ്രേമാഭ്യർഥന നടത്തും.
അവർ നിരസ്സിക്കുമ്പോൾ ഇവരെ വീണ്ടും ശല്യപ്പെടുത്തും. രാവിലെയും വൈകിട്ടും ഇവർ വരുന്ന സ്ഥലത്തു വച്ചുപോലും ഇവർ പിന്തുടരും. വൈകിട്ട് സ്കൂൾ വിട്ടുപോകുമ്പോൾ അവരുടെ പിന്നാലെ ഇവർ പോകും. ബൈക്കിൽ കയറുന്നുവോ തുടങ്ങിയ ആവശ്യങ്ങളും ഇവർ പറയും. നടന്നു വരുന്ന സമയത്ത് പിന്നാലെ അമിത വേഗതയിൽ എത്തി ഹോൺ അടിച്ച് ഭീതി പടർത്തും. നിരന്തരമായി ശല്യപ്പെടുത്തുന്നതിൽ ഭീതി ഉയർന്നതിനെ തുടർന്ന് വിദ്യാർഥികൾ രക്ഷിതാക്കളോടും അവർ സ്കൂൾ അധിക്യതരോടും വിവരം അറിയിച്ചു.
തുടർന്ന് സ്കൂൾ പരിസരത്ത് അധ്യാപകർ നിരീക്ഷണത്തിനായി സംവിധാനം ഒരുക്കി. എന്നാൽ അത് പെൺകുട്ടികളുടെ വെറും പരാതിയാണെന്ന് കരുതിയെങ്കിലും ചില അധ്യാപകർക്ക് സംശയങ്ങൾ തോന്നി. കാട്ടാക്കട നിന്നും വെള്ളറട വരെ പോകുന്ന റോഡാണിത്. അതിനാൽ തന്നെ നിരന്തര നിരീക്ഷണം അധ്യാപകരെ വലച്ചു. സ്കൂൾ അധിക്യതർ വിവരം കാട്ടാക്കട പോലീസിനെ അറിയിച്ചു. പോലീസ് മഫ്ടിയിൽ വനിതാ പോലീസുകാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിനായി നിറുത്തി.
പൾസർ, ആക്ടീവ, ഹോണ്ട തുടങ്ങി വിവിധയിനം ബൈക്കുകളിലും സ്കൂട്ടറുകളിലുമാണ് ഇവർ എത്തുന്നതായി ഇവർ കണ്ടെത്തി. തുടർന്നാണ് അഖിലിനെ തന്ത്രപൂർവ്വം കുടുക്കിയത്. ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളും യുവതിയും ചേർന്നാണ് തന്ത്രങ്ങൾ മെനയുന്നത്. കാട്ടാക്കട സർക്കിൾ വിജയരാഘന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, സജൻ ബി.എസ്. സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ബാബൂ, സുധീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് മഫ്ടി വേഷത്തിൽ പ്രതിയെ പിടികൂടിയതും തുടർ അന്വേഷണം നടത്തുന്നതും.