കൊല്ലം: കോളജ് വിദ്യാർഥിനികളെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത സഹപാഠിയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.
പൂതക്കുളം കൊച്ചാലുംമൂട്ടിൽ നന്ദുനിവാസിൽ ആനന്ദ് (22) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരവൂർ ദയാബാജി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപം നിന്നിരുന്ന വിദ്യാർഥി സംഘത്തിലെ പെണ്‍കുട്ടികളെ ആനന്ദ് അടക്കമുള്ള മൂന്നുപേർ ചേർന്ന് അനാവശ്യം പറഞ്ഞത് ചോദ്യംചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചത്.
ഒന്നാം പ്രതി ഓടിച്ച് കയറ്റിയ ബൈക്കിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീണ വിദ്യാർഥിയെ മറ്റു രണ്ട് പ്രതികൾ ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മുഖ്യപ്രതി അനന്ദിനെയും ഇടിക്കാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിൽ എടുക്കുകയുമായിരുന്നു.
ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സതീഷ്കുമാർ, നിസാം, വിനയൻ, എഎസ്ഐ മാരായ അജയൻ, രാജേന്ദ്രൻ പിള്ള, സിപിഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.