വെള്ളൂർ: വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിനു സമീപം ബൈക്കിൽ അഭ്യാസം നടത്തിയവരെ പോലീസ് പിടികൂടി കേസെടുത്തു. ഇന്നലെ ഉച്ചയോടെ വെള്ളൂർ പോലീസ് സ്റ്റേഷനു സമീപത്തെ ഓഡിറ്റോറിയത്തിനു മുൻപിലാണു സംഭവം.വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിനു സമീപത്തു സ്ത്രീകളുടെയും കുട്ടികളുടെയും മുന്പിൽ ബൈക്കിൽ അഭ്യാസം നടത്തുകയായിരുന്നു യുവാക്കൾ.
രാമപുരം സ്വദേശി ഡിവൈൻ ജോസഫ് (24), ഉഴവൂർ സ്വദേശി വിഷ്ണു (24) എന്നിവരാണ് പിടിയിലായത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇവർ ബൈക്കുകളിൽ ഭീതിപ്പെടുത്തുന്ന അഭ്യാസ പ്രകടനങ്ങളാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന യുവാക്കൾ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുകയും അഭ്യാസങ്ങൾ കാണിക്കുകയുമായിരുന്നു.
സൈലൻസർ ഉൗരി മാറ്റി വലിയ ഒച്ചയുള്ള ബൈക്കുകളുമായിട്ടാണ് ഇവർ എത്തിയത്. അപായക്കളി കണ്ടു പലരും റോഡിൽ നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതോടെ എഎസ്ഐ മാധവൻ, സീനിയർ സിപിഒ അനിൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ കൈവയ്ക്കുമെന്നായതോടെ പോലീസിനൊപ്പം സ്റ്റേഷനിലേക്കു പോയി. പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയതിനും റോഡിലൂടെ ബൈക്കുകൾ അമിതവേഗത്തിൽ ഓടിച്ചതിനുമാണ് ഇവർക്കെതിരെ കേസ്.