തളിപ്പറമ്പ്: ധര്‍മശാല നിഫ്റ്റിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ധര്‍മശാലയില്‍ നിന്ന് നിഫ്റ്റ് ഹോസ്റ്റലിലേക്ക് പോകവെ പിന്നാലെ ബൈക്കിലെത്തിയ രണ്ടംഗസംഘം വിദ്യാര്‍ഥിനികളെ കയറിപ്പിടിച്ചതായാണ് പരാതി. പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ സംഘം ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചുപോയി.
വിവരമറിഞ്ഞ ഉടന്‍തന്നെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നിഫ്റ്റിലെത്തി അന്വേഷണം നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിഫ്റ്റിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അക്രമം നടന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതിനുശേഷം ജയിംസ് മാത്യു എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നിഫ്റ്റിലെത്തി പരിസരത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതേവരെ നടപ്പിലായിട്ടില്ല. നഗരസഭ മുന്‍കൈയെടുത്ത് സ്ഥാപിച്ച സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.