പോത്തൻകോട് : കെഎസ്ആർടിസി ഡിപ്പോയും പരിസര പ്രദേശങ്ങളും പൂവാലൻമാരുടെ താവളമാകുന്നുന്നതായി ആക്ഷേപം ഉയരുന്നു.ബസ് കാത്തു നിൽക്കുന്ന സ്കൂൾ കോളജ് വിദ്യാർഥിനികളാണ് പൂവാല ശല്യത്തിനു ഇരകളാകുന്നത്. ഇക്കാര്യം പോത്തൻകോട് പോലീസിന്റെയും ഡിപ്പോ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നു യാത്രക്കാർ ആരോപിക്കുന്നു.
പൂവാലൻമാർക്കെതിരെ വിദ്യാർഥിനികളുടെ രക്ഷകർത്താക്കളും പരാതിയുമായി രംഗത്ത് എത്തികഴിഞ്ഞു. ഡിപ്പോ അധികൃതർ പരാതി നൽകിയാൽ മാത്രമേ നടപടി എടുക്കാൻ സാധിക്കൂ എന്നാണ് പോത്തൻകോട് പോലീസിന്റെ നിലപാടെന്നു രക്ഷകർത്താക്കൾ പറയുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സമീപത്തെ സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ചീമുട്ട എറിഞ്ഞത് മറ്റു യാത്രക്കാർക്കു ശല്യമായി മാറി.
യാത്രക്കാർ ചിലർ ഡിപ്പോയിൽ പരാതി പറയുകയും ചെയ്തു. നാട്ടുകാർ ഉടൻ തന്നെ പോത്തൻകോട് പോലീസിൽ അറിയിച്ചെങ്കിലും പോലീസ് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. ഡിപ്പോയിലെ പൂവാലൻമാരുടെ ശല്യം മാറ്റാൻ രാവിലെയും വൈകുന്നേരവും മഫ്തിയിൽ പോലീസിനെ നിയമിക്കണമെന്നാവശ്യം ശക്തമാകുകയാണ്