തിരുവനന്തപുരം: സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്യുന്ന പൂവാലൻമാരെ കുടുക്കാൻ ഓപ്പറേഷൻ റോമിയോ എന്ന പേരിൽ തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ ഇരുനൂറോളം പൂവാലന്മാർ പിടിയിൽ. സ്കൂൾ, കോളജ്, ബസ് സ്റ്റാൻഡുകൾ, ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർഥിനികളെയും സ്ത്രീകളെയും ശല്യപ്പെടുത്തിയവരെയാണു പിടികൂടിയത്.
നഗരത്തിൽ പലയിടത്തും പുരുഷ, വനിതാ പോലീസുകാരെ മഫ്തിയിൽ വിന്യസിച്ചാണ് പൂവാലന്മാരെ കുടുക്കിയത്. ഇവരിൽ 80 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. 120 പേർക്കെതിരേ പെറ്റിക്കേസെടുത്തു വിട്ടയച്ചു. ഇത്തരം മിന്നൽ പരിശോധനകൾ തുടരുമെന്ന് കമ്മീഷണർ അറിയിച്ചു.