ചിങ്ങവനം: റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചിങ്ങവനം കോട്ടയം റൂട്ടിലെ പൂവൻതുരുത്ത് മേൽപ്പാലവും പൊളിക്കുന്നതിനുള്ള നടപടികൾ റെയിൽവേ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 10മുതൽ പാലത്തിൽ കൂടിയുള്ള ഗതാഗതം നിരോധിക്കുമെന്ന റെയിൽവേയുടെ അറിയിപ്പ് ബോർഡുകൾ റോഡിൽ സ്ഥാപിച്ചു. ഇതോടെ പാക്കിൽ നിന്നും പൂവൻതുരുത്തു വഴിയും തിരിച്ചുമുള്ള യാത്രക്കാർ ആശങ്കയിലായി.
സ്വകാര്യ ബസുകളടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ പൊളിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. തൊട്ടടുത്ത് തന്നെയുള്ള പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ ഏരിയ, സബ്സ്റ്റേഷൻ, ചാന്നാനിക്കാട്, നാട്ടകം ഹെൽത്ത് സെന്ററുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളവർക്ക് പാലം പണി കൂടുതൽ കുരുക്കാകും.
കൂടാതെ പാക്കിൽ വഴി പുതുപ്പള്ളി, കൊല്ലാട്, പനച്ചിക്കാട,് മൂലേടം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ട വാഹന യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും ഇരട്ടി ദൂരം യാത്ര ചെയ്യേണ്ടി വരും. സമയബന്ധിതമായി പണി തീർക്കുമെന്ന വാഗ്ദാനങ്ങൾ നൽകി പൊളിച്ച പാലങ്ങളുടെ പണി പലതും പിന്നീട് അനന്തമായി നീണ്ടു പോയ സംഭവങ്ങളാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് അടിയന്തിരമായി താത്കാലിക പാലം നിർമിച്ച് ഗതാഗത തടസം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.