പാലാ: ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ കുടിലിപ്പറമ്പില്‍ ജെയ്സണെ പ്രേരിപ്പിച്ച സാഹചര്യം ആര്‍ക്കുമറിയില്ല. അഞ്ചു ജീവനുകളെ നശിപ്പിക്കാന്‍ പ്രേരിപ്പിച്ച കാരണമെന്ത്.ഭാര്യ മെരീനയുടെ മൂന്നാമത്തെ പ്രസവത്തിന് പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ പലരും നിര്‍ദേശിച്ചപ്പോഴും സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ഇതില്‍ ഒരു ലക്ഷം രൂപ കടമുണ്ടായിരുന്നു. ഇതുകൂടാതെ പരിചയക്കാരില്‍നിന്നു വാങ്ങിയ ചെറിയ കടങ്ങളും.
ദിവസം ആയിരം രൂപയായിരുന്നു വാന്‍ ഓടിച്ചുള്ള വരുമാനം. ഈ പണം അപ്പാടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്ന രീതിയായിരുന്നു ജെയ്സണ്‍. മത്സ്യവും മാംസവും വീട്ടില്‍ പതിവായിരുന്നു. ഞായറാഴ്ചകളില്‍ ഇറച്ചിക്കടയില്‍ ജോലിക്കു പോയിരുന്നു. ഉരുളികുന്നത്ത് മുന്‍പ് കുടുംബത്തിന് കശാപ്പുകടയുണ്ടായിരുന്നു. ഉരുളികുന്നം കോളനിയിലെ വീട് കാലപ്പഴക്കത്തില്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്.
അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി ഉരുളികുന്നം ഞണ്ടുപാറ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിച്ചപ്പോള്‍.
അമ്മയുടെ മരണശേഷമാണ് ജെയ്സൺ പൂവരണിയില്‍ മാസം അയ്യായിരം രൂപ മുടക്കില്‍ വാടകവീടെടുത്തത്. ഇവിടെ മെരീനയുടെയും കുട്ടികളുടെയും സഹായത്തിനും മറ്റുമായി ജെയ്സന്റെ സഹോദരനും ഭാര്യയും അടുത്തയിടെ വരെ കൂടെതാമസിച്ചിരുന്നു. വീട്ടില്‍ ഒരിക്കല്‍പ്പോലും ഭിന്നതയോ അകല്‍ച്ചയോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഭാരിച്ച ബാധ്യതകളൊന്നും ഇല്ലാതിരുന്നിട്ടും ഭാര്യയെയും മൂത്ത മകനെയും പരിക്കേല്‍പ്പിച്ചും ഇളയ കുട്ടികളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നത് അയല്ക്കാര്ക്ക് വിശ്വസിക്കാനാകുന്നില്ല. ഞായറാഴ്ച മൂന്നു കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്നു കൊടുക്കാന്‍ സമീപത്തെ അങ്കണവാടിയില്‍ കൊണ്ടുവന്നിരുന്നു.
ഇവര്‍ മതാനുഷ്ഠാനകാര്യങ്ങളില് പൊതുവേ വിമുഖത കാണിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. മറ്റുള്ളവരുമായി കൂടുതല്‍ അടുപ്പമോ തുറന്നുള്ള സംസാരമോ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ചയും അങ്കണവാടിയില്‍ ജെറാള്‍ഡിനെ മെരീനയാണ് എത്തിച്ചത്.
പാലാ പൂവരണി കൊച്ചുകൊട്ടാരത്തില്‍ ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് പിതാവ് ജയ്സണ്‍ ജീവനൊടുക്കിയതറിഞ്ഞ് തടിച്ചുകൂടിയനാട്ടുകാര്.
തിങ്കളാഴ്ച അര്‍ധരാത്രിയോ പുലര്‍ച്ചെയോ ദാരുണകൃത്യം നടത്തിയശേഷം രാവിലെ ഏഴര വരെ മൃതദേഹങ്ങള്‍ക്കൊപ്പം മുറിയില്‍ ജെയ്സണ്‍ വീട്ടില്‍ എങ്ങനെ ചെലവഴിച്ചു എന്നതും അവിശ്വസനീയം. ജീവനുതുല്യം സ്നേഹിച്ചു വളര്‍ത്തിയ മക്കളെ കൊലചെയ്യാന്‍ എങ്ങനെ മനസ് അനുവദിച്ചു എന്നതും വിശ്വസിക്കാനാവുന്നില്ല. രാവിലെ ഏഴരയോടെ കുറിപ്പെഴുതിവച്ചശേഷം സഹോദരനെ ഫോണില്‍ വിളിച്ച് വീട്ടിലെത്താന്‍ പറഞ്ഞയുടന്‍ അയാള്‍ തൂങ്ങി മരിക്കാനും ധൈര്യപ്പെട്ടു.