ചിങ്ങവനം: അപകട കെണിയൊരുക്കി പൂവൻതുരുത്തിൽ പൊളിച്ചിട്ട റെയിൽവേ മേൽപാലം. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ അടിക്കടി ഉണ്ടായിട്ടും അധികൃതർക്ക് അനക്കമില്ല.
അപകടത്തിൽപ്പെടുന്നത് ഏറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ഏറ്റവും ഒടുവിൽ അപകടത്തിൽപ്പെട്ടത് പള്ളം സ്വദേശിയായ അജയഘോഷാണ്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപകടത്തെത്തുടർന്ന് അജയഘോഷ് ഇപ്പോഴും ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പുറത്തു നിന്നെത്തുന്ന യാത്രക്കാർ പാലം പൊളിച്ചിട്ടിരിക്കുന്നത് അറിയാതെയാണ് എത്തുന്നത്.
എംസി റോഡ് വഴി എത്തി മണർകാട്, പാന്പാടി, പുതുപ്പള്ളി തുടങ്ങി കെകെ റോഡിലൂടെ കിഴക്കൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ടൗണിൽ പ്രവേശിക്കാതെ എളുപ്പ മാർഗത്തിൽ യാത്ര ചെയ്യാവു റോഡായിരുന്നു.
ബൈക്ക് മറിയുന്ന ഒച്ചയും നിലവിളിയും കേട്ട് പരിസരവാസികൾ പോലീസിനെ അറിയിക്കുകയും അവരെത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
പാലം പൊളിച്ചിട്ടതിനൊപ്പം മുൻകൂട്ടി റോഡിൽ അപായ സൂചന നൽകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാത്തതും, പാലത്തിന് തൊട്ടടുത്തെത്തും മുൻപേ റോഡ് അടയാക്കാത്തതുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ആറ് മാസം മുൻപേ പണി തീർ്ക്കുമെന്ന് നാട്ടുകാർക്ക് വാക്ക് കൊടുത്ത് പൊളിച്ചിട്ട പാലം രണ്ടു വർഷമായിട്ടും പ്രാരംഭ നടപടികൾ പോലും പൂർത്തിയാക്കാനായിട്ടില്ല.
റെയിൽവേയുടെ അലംഭാവത്തിനെതിരെ നാട്ടുകാരും വിവിധ സംഘടനകളും നിരവധി സമരങ്ങൾ നടത്തിയിട്ടും അധികൃതർ കണ്ടഭാവം പോലും നടിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.