കൊച്ചി: പ്രളയക്കെടുതിക്കിടെ കടകളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിത വില ഈടാക്കിയ കടകൾ പോലീസും പൊതുവിതരണ വിഭാഗവും ചേർന്ന് അടപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കടകളിൽ അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
ഇന്നലെ ഇത്തരത്തിൽ അമിത വില ഈടാക്കിയ കാക്കനാട് തൃക്കാക്കര ഭാരതമാതാ കോളജിന് സമീപത്തെ വികെ മാർട്ട് എന്ന കടയിൽ അധികൃതർ പരിശോധന നടത്തി പൂഴ്ത്തിവച്ച ഒന്പതു ചാക്ക് അരി പിടിച്ചെടുത്തു. ഇതേതുടർന്ന് കടയുടെ ലൈസൻസ് തൃക്കാക്കര നഗരസഭ റദ്ദാക്കി. അമിത വില ഈടാക്കിയതിനെ തുടർന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരും കടക്കാരും തമ്മിൽ സംഘർഷമുണ്ടായി.
എറണാകുളം മാർക്കറ്റിലും പച്ചക്കറികൾക്ക് അമിത വില ഈടാക്കിയതായി പരാതിയുണ്ട്. പച്ചക്കറികൾക്കെല്ലാം കിലോക്ക് 50 മുതൽ 100 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വെണ്ടക്കയ്ക്കും തക്കാളിക്കും നൂറു രൂപയ്ക്ക് മുകളിലും ഈടാക്കിയിട്ടുണ്ട്. ബീൻസ്, അച്ചിങ്ങ മുതലായവയ്ക്ക് മൂന്നിരട്ടിയാണ് വില കൂട്ടിയത്. അമിത വില ഈടാക്കിയതിനെ തുടർന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരും കച്ചവടക്കാരും തമ്മിൽ ചെറിയ തോതിൽ വാക്കുതർക്കവുമുണ്ടായി.
ദുരിതാശ്വാസ ക്യാന്പിലേക്ക് വാങ്ങിയ സാധനങ്ങൾക്കു അമിത വില ഈടാക്കിയ പട്ടിമറ്റം, നെല്ലാട് പ്രദേശങ്ങളിലെ കടകളിൽ കുന്നത്തുനാട് പോലീസ് റെയ്ഡ് നടത്തി. പട്ടിമറ്റം – പെരുന്പാവൂർ റോഡിലെ കൈതക്കാട് കുഴുപ്പിള്ളി പരീക്കുട്ടി നടത്തുന്ന പച്ചക്കറി കടയിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് കട കുന്നത്തുനാട് എസ്ഐ ടി.ദിലീഷിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അടപ്പിച്ചു.
കടയിലുണ്ടായിരുന്ന പച്ചക്കറികൾ പോലീസ് പിടിച്ചെടുത്തു. പട്ടിമറ്റം മേഖലയിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പുകളിലേക്ക് വാങ്ങിയ ക്യാരറ്റ് 120, ബീൻസ് 100, തക്കാളി 120, വെണ്ടയ്ക്ക 120, ഉരുളക്കിഴങ്ങ് 60 എന്നിങ്ങനെയാണ് ഒരു കിലോഗ്രാമിന് ഈടാക്കിയതെന്ന് പോലീസ് പറഞ്ഞു. പോലീസുകാരായ പി.എ.സുബൈർ, ദിനിൽ, ആനന്ദ് എന്നിവരും എസ്ഐയോടൊപ്പം റെയ്ഡിനുണ്ടായിരുന്നു.
ആലുവയിൽ യുസി കോളജ് ക്യാന്പിനടത്തുള്ള രണ്ടു കടകൾ അവശ്യസാധനങ്ങൾക്ക് ഇരട്ടി വില ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കൂടാതെ ചില വ്യാപാരികൾ കുറഞ്ഞ അളവിൽ സാധനങ്ങൾ കൊടുക്കാതിരിക്കുന്നതായും പരാതിയുണ്ട്. അരി 10 കിലോയിൽ കുറവ് കൊടുക്കുന്നില്ല.
ഇതിനിടയിൽ സേവന സന്നദ്ധരായ വ്യാപാരികളെ കബളിപ്പിച്ചതായും ആരോപണമുണ്ട്. ദുരിതാശ്വാസ ക്യാന്പിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് ആലുവ മാർക്കറ്റിലെ ഒരു കടയിൽ നിന്ന് പച്ചക്കറി ചിലർ സൗജന്യമായി വാങ്ങിയെടുത്തതായാണ് ആക്ഷേപം.
പെട്രോൾ പന്പുകളിലും തിരക്ക് ഉണ്ടാകുന്നുണ്ട്. വരുന്നവർ വലിയ തുകയ്ക്ക് പെട്രോൾ അടിക്കുന്നതിനാൽ ഏറെ സമയം എടുത്താണ് കാര്യങ്ങൾ നടക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിലും കാനുകളിലും ശേഖരിച്ച് വയ്ക്കുന്നതും വർധിച്ചിട്ടുണ്ട്.