കൊട്ടാരക്കര :താലൂക്കിൽ പ്രളയത്തിന്റെ മറവിൽ അരിയും പഞ്ചസാരയും മൈദയും പയർവർഗ്ഗങ്ങളും പലവ്യഞ്ജനങ്ങളും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കാനും വില വർധിപ്പിക്കാനും ശ്രമിച്ചാൽ അവ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.
പൂഴ്ത്തിവെക്കപ്പെട്ട സാധനങ്ങൾ 1955ലെ ആവശ്യസാധന നിയമപ്രകാരം ജില്ലാ കളക്ടറുടെ അനുമതിക്ക് വിധേയമായി കണ്ടുകെട്ടി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ് .എ .സെയ്ഫ് അറിയിച്ചു.
ഭക്ഷ്യ വസ്തുക്കൾ നിയമവിധേയമായി അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ മാത്രമേ മൊത്തവ്യാപാരികൾ സൂക്ഷിക്കാൻ പാടുള്ളൂ. അനുമതി ഇല്ലാത്ത ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കൾ വേണ്ടി വന്നാൽ പിടിച്ചെടുക്കും.
സാധനങ്ങൾ വാങ്ങിയ ബില്ലുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്.
വാങ്ങിയ വിലയിൽ നിന്ന് അമിതമായി ലാഭമെടുത്ത് വിൽപ്പന നടത്തുന്നെന്ന പരാതി ഗൗരവമായി കാണുന്നതാണ്.
കൊട്ടാരക്കര താലൂക്കിലെ ഏതെങ്കിലും കേന്ദ്രത്തിൽ പൂഴ്ത്തിവെപ്പ് അക്കാര്യം പൊതുജനങ്ങളും ചെറുകിട വ്യാപാരികളും താലൂക്ക് സപ്ലൈ ഓഫീസിലോ 04742454769 എന്ന നമ്പറിലോ അറിയിച്ചാൽ തുടർനടപടി ഉണ്ടാകുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.