വത്തിക്കാനിൽനിന്ന് ജോർജ് കള്ളിവയലിൽ
ഫ്രാൻസിസ് മാർപാപ്പ എന്തുകൊണ്ട് ഇന്ത്യയിലേക്കു വരുന്നില്ല? ഈ വർഷം ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കുമെന്ന് ഏതാണ്ട് ഉറപ്പാണെന്നു മാർപാപ്പ തന്നെ പറഞ്ഞിട്ടും പിന്നെയെന്തേ അതുണ്ടായില്ല?- പോർച്ചുഗലിൽനിന്നുള്ള മുതിർന്ന പത്രപ്രവർത്തകയായ ഓറ മിഖേലിന്റെ ചോദ്യത്തിനുമുന്നിൽ പകച്ചുപോയി. എന്ത് ഉത്തരം പറയണമെന്ന് അറിയില്ലെന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. അടുത്തുനിന്നിരുന്ന മുതിർന്ന പത്രപ്രവർത്തകരായ അമേരിക്കയിൽനിന്നുള്ള ജോഷ്വ ജെ. മഖ്ൽവിക്കും അർജന്റീനയിൽനിന്നുള്ള അലീഷിയ ജോർജിനും ഇതേ കാര്യമാണ് അറിയേണ്ടിയിരുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വൈകുന്ന തിനെക്കുറിച്ച് വിദേശമാധ്യമപ്രവർത്ത കരിൽ മിക്കവർക്കും ഒരേ അഭിപ്രായം. ഇന്ത്യയിലെ സർക്കാരിന്റെ താത്പര്യക്കുറവിനെക്കുറിച്ച് അവർ പറയുന്നു. ഒടുവിൽ, വത്തിക്കാന്റെ പ്രസ് ഓഫീസിലെ ഉന്നതരോട് ചോദിച്ചു. അവരും കൃത്യമായി മറുപടി പറഞ്ഞില്ല. വൈകാതെ മാർപാപ്പ ഇന്ത്യയും സന്ദർശിക്കുമെന്നാണു പ്രതീക്ഷ എന്നായിരുന്നു അവരുടെ പ്രതികരണം.
ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾക്കു മാർപാപ്പയുടെ വരവിനോടു ചില വിയോജിപ്പുകളുണ്ട്. തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷ വോട്ടുകളിൽ ചോർച്ചയുണ്ടാകുമോ എന്ന ഭയപ്പാട് ബിജെപിക്കും മോദിക്കും ഉണ്ടാകുമെന്നതിൽ സംശയിക്കേണ്ടെന്നു ലിസ്ബണിൽ നിന്നെത്തിയ ഓറ മിഖേലിനു സംശയമേയില്ല. മാർപാപ്പയുടെ ദക്ഷിണേഷ്യയിലേക്കുള്ള മാധ്യമ സംഘത്തിലെ ഏറ്റവും മുഖ്യ ചർച്ച ഇന്ത്യയെക്കുറിച്ചും വലതുപക്ഷ സർക്കാരിന്റെ നടപടികളെക്കുറിച്ചും മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വൈകുന്നതിനെക്കുറിച്ചുമായിരുന്നു.
സംഘത്തിലെ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയെന്ന നിലയിലും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആളെന്ന നിലയിലും ചോദ്യങ്ങളുടെ നിലയില്ലാക്കയത്തിൽ തുരുത്തില്ലാതെ വിഷമിക്കുകയും ചെയ്തു. മ്യാൻമർ, ബംഗ്ലാദേശ് എന്നീ രണ്ട് അയൽരാജ്യങ്ങളിൽ എത്തിയിട്ടും ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനാകാതെ ഇന്ത്യയിലെ വിശ്വാസി സമൂഹവും പൊതുജനങ്ങളും വിഷമത്തിലാണെന്നു വിദേശികൾക്കു പോലും ബോധ്യമുണ്ട്. ഫ്രാൻസിസ് പാപ്പാ ഇന്ത്യയിലേക്കു പോകുന്നതിനെക്കുറിച്ചായിരുന്നു ലോകം മുഴുവനും കഴിഞ്ഞ വർഷം ചർച്ചയ്തതെന്നു മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം റിപ്പോർട്ട് ചെയ്യാൻ പാപ്പായോടൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്പടയിലെ എല്ലാവരും തറപ്പിച്ചു പറയുന്നു.
രാഷ്ട്രീയവും സാങ്കേതികവുമായ പല കാരണങ്ങളാകാം കാരണമെന്നു മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളൂ. എത്രയും വൈകാതെ ലോകം ബഹുമാനിക്കുന്ന സമാധാന നായകനെ ഇന്ത്യ വരവേൽക്കുമെന്ന് ഞാൻ പറഞ്ഞു.
കത്തോലിക്കർ മാത്രമല്ല, വലിയൊരു വിഭാഗം ഇതര മതസ്ഥരായ ആളുകളും വിശ്വാസികൾ അല്ലാത്തവരും വലിയ ആഗ്രഹത്തോടെയാണ് പാവങ്ങളുടെ പടത്തലവനും എളിമയുടെ പ്രതിരൂപവുമായ ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിൽ കാത്തിരിക്കുന്നതെന്നതിൽ ആർക്കും സംശയവുമില്ല. എന്നാൽ, 2019 മേയിലോ, അതിനു മുന്പോ ലോക്സഭാ തെരഞ്ഞൈടുപ്പു വരുന്നതിനാൽ മാർപാപ്പയുടെ ഇന്ത്യ സന്ദർശനം അടുത്തവർഷം ഉണ്ടാകുമെന്ന് തറപ്പിച്ചു പറയാനാകില്ലെന്ന് വിദേശ മാധ്യമപ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടി.
മാർപാപ്പായോട് നേരിട്ട് ചോദിക്കാൻ പത്രപ്രവർത്തകർ
ആറു ദിവസത്തെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനത്തിന് ഇടയിലോ, ഡിസംബർ രണ്ടിന് റോമിലേക്കുള്ള മടക്കയാത്രയിലോ ഫ്രാൻസിസ് പാപ്പായോടു തന്നെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് നേരിട്ട് ചോദിക്കാമെന്ന ധാരണയിലാണ് യൂറോപ്പ്, വടക്കൻ അമേരിക്ക, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തിയ പത്രപ്രവർത്തകർ ഇന്നലെ രാത്രി റോമിൽനിന്ന് യാംഗൂണിലേക്കുള്ള മാർപാപ്പയുടെ വിമാനത്തിൽ കയറിയത്.
ആഫ്രിക്കൻ രാജ്യമായ സുഡാനിലേക്ക് നടത്താനിരുന്ന യാത്ര മാത്രമാണ് ഇന്ത്യയെ കൂടാതെ ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചു വർഷത്തിനിടെ മാറ്റിവച്ചത്. അസർബൈജാൻ, ജോർജിയ സന്ദർശനം കഴിഞ്ഞ് റോമിലേക്ക് മടങ്ങുന്പോൾ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ മാധ്യമപ്രവർത്തകരോട് പരസ്യപ്പെടുത്തിയത്. അടുത്ത യാത്രാപരിപാടികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് 2017ൽ ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കുന്നത് ഏതാണ്ടു തീർച്ചയാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞത്.
പക്ഷേ അദ്ദേഹത്തിന്റെ സംസാരത്തിലെ ഏതാണ്ട് എന്ന പ്രയോഗത്തിന് വളരെയേറെ അർഥതലങ്ങളുണ്ടെന്നു പിന്നീട് തെളിയുകയായിരുന്നു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയും (സിബിസിഐ) മുതിർന്ന കർദിനാൾമാരും കാര്യമായ താത്പര്യം എടുത്തിരുന്നു. യോജിച്ച തീയതികൾ ലഭ്യമാകാതെ പോയതാണ് മാർപാപ്പയുടെ പ്രഖ്യാപിത ഇന്ത്യാ സന്ദർശനം ഈ വർഷം നടക്കാതെ പോയതെന്നാണ് കേന്ദ്രസർക്കാരിന്റെ അനൗദ്യോഗിക വിശദീകരണം. മറ്റു വിദേശരാഷ്ട്ര തലവന്മാരുടെ സന്ദർശനത്തിന് നേരത്തെ തീയതികൾ നിശ്ചയിച്ചിരുന്നതിനാൽ ഇപ്പോൾ അസൗകര്യം ഉണ്ടെ ന്നായിരുന്നു നയതന്ത്ര നിലപാട്.
പലതവണ ചർച്ചകൾക്കൊടുവിൽ ഇത്തവണ മ്യാൻമറും ബംഗ്ലാദേശും മാർപാപ്പ സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിക്കുകയായിരുന്നു. ഇനിയെന്ന് പാപ്പാ ഇന്ത്യയിൽ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാരിന് കൃത്യമായ ഉത്തരവുമില്ല.
മാർപാപ്പയ്ക്ക് സമ്മതം, പക്ഷേ
ഇന്ത്യ സന്ദർശിക്കണമെന്ന അഭ്യർഥനകളോട് ഫ്രാൻസിസ് പാപ്പാ തുടക്കം മുതൽ അനുകൂല പ്രതികരണമാണ് നൽകിയിരുന്നത്. ഇന്ത്യയിൽ നിന്നുള്ള മെത്രാന്മാരും മറ്റു നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും ഇക്കാര്യം സൂചിപ്പിച്ചു. ഇതേ തുടർന്ന് 2014 ഫെബ്രുവരിയിൽ സിബിസിഐ തന്നെ കേന്ദ്രസർക്കാരിന് കത്തു നൽകി. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് വഴിയൊരുക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് നൽകിയ കത്തിൽ സിബിസിഐ തലവനായിരുന്ന കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭ്യർഥിച്ചു. ഒൗദ്യോഗിക ക്ഷണം നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
എന്നാൽ, യുപിഎ സർക്കാരിന്റെ അവസാന കാലമായിരുന്നതിനാൽ അവസരം ഉണ്ടായില്ല. പിന്നീട് സിബിസിഐ പ്രസിഡന്റായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഇക്കാര്യത്തിൽ കാര്യമായ താത്പര്യമെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. 2016 ഏപ്രിലിൽ ഇന്ത്യയിലെ മൂന്നു കത്തോലിക്കാ വിഭാഗങ്ങളുടെയും പ്രതിനിധികളും കർദിനാൾമാരുമായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് എന്നിവർ സംയുക്തമായി പ്രധാനമന്ത്രിയെ നേരിൽ കണ്ട ് ഇക്കാര്യത്തിനായി രേഖാമൂലം കത്തു നൽകി. പ്രധാനമന്ത്രി വളരെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ നടപടികൾ മാത്രം നീണ്ടു. ഇതിനിടെ 2015ൽ ഒരു ദിവസത്തെ ഹ്രസ്വസന്ദർശനത്തിനായി മാർപാപ്പ ശ്രീലങ്കയിലും എത്തിയിരുന്നു.