ലോകസമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പുതുചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അബുദാബിയിലെത്തും. യുഎഇ ഭരണാധികാരികളും തലസ്ഥാനമായ അബുദാബിയും രണ്ടു കരങ്ങളും നീട്ടി അതീവ സന്തോഷത്തോടെയാണ് ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പയെ ഗള്‍ഫ് മേഖലയിലേക്ക് ചുവന്ന പരവതാനി വിരിച്ച് ആവേശത്തോടെ വരവേല്‍ക്കുന്നത്.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പ യുഎഇയില്‍ ഇന്നാരംഭിക്കുന്ന ഐതിഹാസികമായ ത്രിദിന സന്ദര്‍ശനം ലോകത്തിനാകെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പുതുചരിത്രമാകും. മാര്‍പാപ്പയുടെ സന്ദര്‍ശനം വന്‍വിജയമാക്കി മാറ്റാന്‍ അറബ് ലോകത്തെ മുതിര്‍ന്ന നേതാക്കളും സഹകരിക്കുന്നുണ്ട്. മാര്‍പാപ്പയുമായി ചര്‍ച്ച നടത്തുന്നതിനും മാര്‍പാപ്പയോടൊപ്പം മതാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനുമായി ഈജിപ്തില്‍ നിന്ന് പ്രമുഖ സുന്നി മതപണ്ഡിതനും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായ അഹമ്മദ് എല്‍ തയേബ് അടക്കമുള്ള ഉന്നതരും ഇന്ന് അബുദാബിയിലെത്തുന്നുണ്ട്.
മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചും ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ക്ക് സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും അടക്കമാണ് യുഎഇയിലേക്ക് പാപ്പായെ വരവേല്‍ക്കുന്നത്. ഇതിനു പുറമേ അബുദാബി നഗരം മുഴുവന്‍ വത്തിക്കാന്റെയും യുഎഇയുടെയും പതാകകള്‍ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. വലിയ തോതിലുള്ള സുരക്ഷാ സന്നാഹങ്ങളും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
ലോകം കാത്തിരിക്കുന്നു; ഇന്ത്യ മാത്രം മാറിനില്ക്കുന്നു
മറ്റൊരു രാഷ്ട്രത്തലവനും നല്‍കാത്ത ആദരവോടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക രാഷ്ട്രമായ യുഎഇ ഊഷ്മള സ്വീകരണം ഒരുക്കുമ്പോഴും ഇന്ത്യയിലേക്കുള്ള പാപ്പായുടെ വരവ് അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നത് ആശ്ചര്യജനകമാണെന്ന് അബുദാബിയിലെത്തിയ അറബ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ മുസ്ലിം ലോകം പോലും വലിയ ആദരവോടെ സ്വീകരിക്കുന്ന മാര്‍പാപ്പയോട് മതേതര രാജ്യമായ ഇന്ത്യ പുറംതിരിഞ്ഞു നില്‍ക്കുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങള്‍ക്ക് അപമാനമാണെന്ന് മുഹമ്മദ് അബ്ദുള്‍ സക്കീര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്ത്തകന് ചൂണ്ടിക്കാട്ടി.
ഇന്ത്യ അടക്കമുള്ള ഇതര രാഷ്ട്രങ്ങള്‍ക്ക് മാതൃക ആകേണ്ടതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ നല്കുന്ന രാജകീയ വരവേല്പ് എന്ന് ജര്‍മനിക്കാരനായ പീറ്റര്‍ ആന്‍ഡ്രിയാസ് അഭിപ്രായപ്പെട്ടു. പ്രതീക്ഷിക്കാവുന്നതിലേറെ ഹൃദ്യമായ സ്വീകരണമാണ് മാര്‍പാപ്പയ്ക്ക് അബുദാബി നല്‍കുന്നതെന്ന് ദക്ഷിണ അറേബ്യയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ വ്യക്തമാക്കി.
തടസവാദത്തിന് മറയാക്കിയതു സാങ്കേതികത്വം
ഇന്ത്യ സന്ദര്‍ശിക്കാനുള്ള താത്പര്യം ഫ്രാന്‍സിസ് പാപ്പ ഒന്നിലേറെ തവണ പരസ്യമായി അറിയിച്ചിട്ടും ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ക്രിയാത്മകവും ആത്മാര്‍ഥവുമായ ശ്രമങ്ങള്‍ ഇല്ലാതെ പോയെന്നാണു വത്തിക്കാനുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ നല്കിയ സൂചന. ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ നേതൃത്വം നരേന്ദ്ര മോദി സര്‍ക്കാരിനു മേല്‍ നടത്തിയ സമ്മര്‍ദങ്ങളാണു പിന്തിരിപ്പന് സമീപനത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മോദി സര്‍ക്കാര്‍ തടയിട്ടതെന്നാണു റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കു മാര്‍പാപ്പയെ ശരിയായ രീതിയില്‍ വരവേല്‍ക്കാന്‍ പറ്റിയ തീയതിയും സമയവും കണ്ടെത്താനുള്ള പ്രയാസം ആണെന്നായിരുന്നു നയതന്ത്ര തലത്തിലെ ഇന്ത്യയുടെ തൊടുന്യായം. ഫലത്തില്‍ മാര്‍പാപ്പ ആഗ്രഹം പറഞ്ഞിട്ടും അഞ്ചു വര്‍ഷത്തെ ഭരണകാലത്ത് മോദിക്ക് നല്ല സമയം കിട്ടിയില്ല.
എന്നാല്‍, മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്ക് ഊഷ്മള വരവേല്പ് ഇന്ത്യയില്‍ നല്‍കിയിരുന്നു. മാര്‍പാപ്പയ്ക്കായി പരവതാനി വിരിച്ച് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച അതേ വാജ്പേയിയുടെ അനുയായികള്‍ക്ക് പക്ഷേ, സമാധാനത്തിന്റെ ലോകനായകനെ സ്വീകരിക്കാനായില്ലെന്നത് ചരിത്രത്തിന്റെ വൈപരീത്യമായി.
ഇന്ത്യയില്‍ വരാന്‍ പ്രതീക്ഷിച്ച് മാര്‍പാപ്പ
മ്യാന്മര്, ബംഗ്ലാദേശ് സന്ദര്‍ശനത്തിനു ശേഷം 2017 ഡിസംബര്‍ രണ്ടിന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ റോമിലേക്ക് മടങ്ങുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്കു വരാനുള്ള താത്പര്യം പരസ്യമാക്കിയിരുന്നു. മാര്‍പാപ്പയോടൊപ്പം യാത്ര ചെയ്ത മാധ്യമസംഘത്തിലെ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്ന ദീപിക ലേഖകന്റെ ചോദ്യവും മാര്‍പാപ്പയുടെ വ്യക്തതയുള്ള ഉത്തരവും ശ്രദ്ധിക്കുക.
ദീപിക ലേഖകന്‍: ദക്ഷിണേഷ്യയിലേക്കുള്ള യാത്രയില്‍ ഇന്ത്യയിലേക്കു കൂടി പോകാന്‍ അങ്ങ് ആഗ്രഹിച്ചിരുന്നതായി അറിയാം. ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ: ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പോകുക എന്നതായിരുന്നു എന്റെ ആദ്യ പരിപാടി. പക്ഷേ ഇന്ത്യ സന്ദര്‍ശനത്തിനുളള നടപടിക്രമങ്ങള്‍ വൈകി. അതിനാലാണ് ബംഗ്ലാദേശും അടുത്തുള്ള മ്യാന്മറും തെരഞ്ഞെടുത്തത്. സമയം (ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് തീരുമാനം വരാന്‍ വൈകിയത്) ആണ് ഒറിജിനല്‍ പ്ലാന്‍ മാറ്റി മ്യാന്മറും ബംഗ്ലാദേശും തെരഞ്ഞെടുക്കാന്‍ കാരണം.
ദീപിക: അടുത്ത വര്‍ഷം ഇന്ത്യയില്‍ വരുമെന്ന് പ്രതീക്ഷിക്കാമോ
മാര്‍പാപ്പ: 2018ല്‍ ഇന്ത്യ സന്ദര്ശിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. (തുടര്‍ന്ന് പൊട്ടിച്ചിരിച്ചുകൊണ്ട്) ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍!
ദീപിക: ഇന്ത്യ സന്ദര്‍ശനം നീണ്ടുപോയതു നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ മാര്‍പാപ്പ:ദൈവീക പദ്ധതിയുടെ ഭാഗമാണിതെല്ലാം. ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ അതു തന്നെ ഒരു മുഴുവന്‍ പരിപാടിയാണ്. ഇന്ത്യയുടെ തെക്കും വടക്കും വടക്കുകിഴക്കും അടക്കം എല്ലായിടത്തും പോകേണ്ടി വരും. അത്രയേറെ വിശാലവും വൈവിധ്യവമുളള സംസ്കാരമാണ് ഇന്ത്യയുടേത്. നന്ദി.
യുഎഇയുടേത് ഒരുക്കത്തോടെയുള്ള നടപടി
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലും ബുദ്ധ ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്മറിലും ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ നവംബര്‍ അവസാനം നടത്തിയ ഒരാഴ്ച നീണ്ട സന്ദര്‍ശനം ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തെയാകെ വേദനിപ്പിച്ച രോഹിംഗ്യന്‍ പ്രശ്നപരിഹാരത്തിനും അഭയാര്‍ഥികളോട് മനുഷ്യത്വപരമായ സമീപനത്തിനും മാര്‍പാപ്പയുടെ സന്ദര്‍ശനം മ്യാന്മറിലെ സൈനിക നേതൃത്വത്തെ പോലും പ്രേരിപ്പിച്ചിരുന്നു.
കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന് 2016 സെപ്റ്റംബറില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയുടെ പരിസമാപനമാണ് ചരിത്രപരമായ യുഎഇ സന്ദര്‍ശനത്തിലേക്ക് വഴിതെളിച്ചത്. പിന്നീട് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സഈദിനെ കഴിഞ്ഞ ജൂണില്‍ വത്തിക്കാനിലേക്ക് അയച്ച് ഔദ്യോഗികമായ ക്ഷണം നല്കി. ഇതേ തുടര്‍ന്നാണ് ലോകത്തിനാകെ പുതുമാതൃക നല്കി യുഎഇയിലേക്ക് വരാന്‍ മാര്‍പാപ്പ തയാറായത്.
യുഎഇ പൗരന്മാരില് പേരിനു പോലും കത്തോലിക്കര്‍ കുറവാണെങ്കിലും കത്തോലിക്കരുടെ ആഗോള പരമാധ്യക്ഷനു നല്കാവുന്നതില് മികച്ച ഗംഭീരവും ഊഷ്മളവുമായ സ്വീകരണമാണു നല്‍കുന്നത്. ലോകത്തിനാകെ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വലിയ സന്ദേശമാണ് ഈ ചരിത്ര സന്ദര്‍ശനമെന്നാണു വത്തിക്കാനും യുഎഇയും ഒരുപോലെ വിശേഷിപ്പിച്ചത്.
പരസ്പര ബഹുമാനം മതേതര ഇന്ത്യയുടെ ശക്തി
പരസ്പരമുള്ള വിദ്വേഷത്തിന്റെയും ശത്രുതയുടെയും നാളുകള്‍ പൂര്‍ണമായി അവസാനിപ്പിച്ച് സ്നേഹത്തിലും സമാധാനത്തിലും അടിസ്ഥാനമുള്ള പുതുലോകത്തിനായുള്ള കൈകോര്‍ക്കല്‍ കൂടിയാകും ഫ്രാന്‍സിസ് പാപ്പയുടെ അബുദാബി സന്ദര്‍ശനമെന്നാണ് ഇസ്ലാമിക നേതാക്കളുടെ വിലയിരുത്തല്‍. സഹിഷ്ണുതയും സഹവര്‍ത്തിത്വവും ലോകമാകെ മാതൃകയാക്കുമ്പോള്‍ ഇന്ത്യക്കും ഏറെക്കാലം ഈ പാതയില്‍ നിന്നു മാറിനടക്കാനാകില്ല. എല്ലാ മതങ്ങളെയും വരവേറ്റ്, സ്നേഹിച്ച പാരമ്പര്യമാണ് ഇന്ത്യയുടെ ശക്തിയെന്നത് ആരും മറക്കാതിരിക്കട്ടെ.
മതേതര ഇന്ത്യയുടെ യശസിന് കളങ്കം ചാര്‍ത്താന്‍ 130 കോടി ജനങ്ങള്‍ ആരെയും അനുവദിക്കില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ശക്തി മതേതരത്വവും പരസ്പരബഹുമാനവുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധമായ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദീപം വൈകാതെ ഇന്ത്യയിലുമെത്തും.
അബുദാബിയില്‍ നിന്ന് ജോര്‍ജ് കള്ളിവയലില്‍