ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സാല്വ കീറിന്റെയും മുന്‍ വൈസ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റീക് മാഷറിന്റെയും പാദം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ശത്രുത അവസാനിപ്പിച്ച് സമാധാന നടപടികളുമായി മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായാണ് 82 വയസുള്ള മാര്‍പാപ്പ ഇരുനേതാക്കളുടെയും പാദം ചുംബിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഭവമെന്നാണ് ലോകം ഈ മാര്‍പ്പാപ്പയുടെ ഈ അപ്രതീക്ഷിത നടപടിയെ വിശേഷിപ്പിച്ചത്.
ദക്ഷിണ സുഡാനില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ ഇരുനേതാക്കളും തയ്യാറാകണമെന്ന് പോപ് ആവശ്യപ്പെട്ടു. അതിനു ശേഷമായിരുന്നു മുട്ടുകുത്തി ഓരോരുത്തരുടെയും പാദം ചുംബിച്ചത്. വത്തിക്കാനില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം. വിശേഷ ദിവസങ്ങളില്‍ തടവുകാരുടെയും മറ്റും പാദം കഴുകാറുണ്ട് മാര്‍പാപ്പ. എന്നാല്‍, രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിക്കുന്നത് അപൂര്‍വമാണ്.
കാലിലെ കടുത്ത വേദന അവഗണിച്ചാണ് പാപ്പാ ഓരോരുത്തരുടെയും മുന്നില്‍ മുട്ടുകുത്തിയത്. സുഡാനിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെയടക്കം 4 ലക്ഷം മനുഷ്യരെയോര്‍ത്താണ് പാപ്പാ ഈ പ്രവര്‍ത്തി ചെയ്തത്. കൈകള്‍ നിലത്തൂന്നി, ആ വന്ദ്യവയോധികന് തങ്ങളുടെ പാദങ്ങളില്‍ ചുംബിച്ചപ്പാേള് ചിലര്‍ പകച്ചുപോയി, ചിലര്‍ സ്തബ്ദരായി, ചിലര്‍ ഞെട്ടി വാ പൊത്തി, ചിലര്‍ കരഞ്ഞു.
സ്തബ്ധരായിപ്പോയ നേതാക്കളോട് പാപ്പ പറഞ്ഞു: ‘ഒരു സഹോദരനെപ്പോലെ പറയുകയാണ്. ഹൃദയം കൊണ്ട് അപേക്ഷിക്കുകയാണ്. പുതിയ വഴിയില്‍ മുന്നോട്ടു പോകണം. പ്രശ്നങ്ങള്‍ പരിഹരിക്കണം. ജനങ്ങള്‍ക്ക് ഈ യുദ്ധം മതിയായി’. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം എന്നാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.