വത്തിക്കാൻ: ദിവംഗതനായ ഫ്രാന്സിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ ലോകമെങ്ങുനിന്നും വിശ്വാസികൾ വത്തിക്കാനിലേക്കു പ്രവഹിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ ആരംഭിച്ച പൊതുദർശനം തുടരുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ടുമണിക്ക് പള്ളി അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അർധരാത്രി കഴിഞ്ഞും വിശ്വാസികളുടെ നീണ്ടനിരയായിരുന്നു. പൊതുദർശനം നാളെയും തുടരും. നാളെ രാത്രി ഏഴിന് ഭൗതികദേഹമടങ്ങുന്ന പെട്ടി അടയ്ക്കുന്നതോടെ പൊതുദർശനം അവസാനിക്കും.
ശനിയാഴ്ച രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുറമെ മേരി മേജർ ബസിലിക്കയിലും നിരന്തരം പ്രാർഥനകൾ നടക്കുന്നുണ്ട്. സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ എത്തുന്നതിനാൽ റോം നഗരവും വത്തിക്കാനും കനത്ത സുരക്ഷാവലയത്തിലാണ്.
വിശ്വാസികളുടെ സൗകര്യാർഥം കൂടുതൽ മെട്രോ സർവീസുകൾ നാളെയും ശനിയാഴ്ചയും ഉണ്ടാകുമെന്ന് റോം നഗരസഭാധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചിന് കർദിനാൾ സംഘത്തിന്റെ യോഗം (ജനറൽ കോൺഗ്രിഗേഷൻ) ചേർന്ന് കബറടക്ക ശുശ്രൂഷകൾ സംബന്ധിച്ച ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. ഫ്രാൻസിസ് മാർപാപ്പതന്നെ ഒപ്പുവച്ച, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്മാരുടെ കബറടക്ക ശുശ്രൂഷകളുടെ ക്രമത്തിലായിരിക്കും തിരുക്കർമങ്ങളെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.