2013 മാർച്ച് 13ന് നടന്ന കോണ്ക്ലേവിൽ അഞ്ചാം വട്ട വോട്ടെടുപ്പിലാണ് കർദിനാൾ ജോർജ് ബർഗോളിയോ പത്രോസിന്റെ 266-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്ക്ലേവിലെ കളികളടക്കം പലതും ലോകത്തോട് തുറന്നു പറഞ്ഞതിലടക്കം അദ്ദേഹം പറഞ്ഞതും പ്രവർത്തിച്ചതുമായ പലതും സഭയുടെ അതുവരെയുള്ള രീതികളിൽനിന്നു വ്യത്യസ്തമായിരുന്നു.
ബനഡിക്ട് പാപ്പായുടെ പിൻഗാമിയായി ബർഗോളിയോ മാർപാപ്പയാകാൻ പോകുന്നു എന്ന സൂചന കോണ്ക്ലേവിൽ വന്നതോടെ അത് സംഭവിക്കാതിരിക്കുവാൻ കർദിനാളന്മാർക്കിടയിൽ ചിലർ ഒരു കഥ പടർന്ന കാര്യം അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ബഗോളിയോയുടെ ശ്വാസകോശത്തിന് ഗുരുതരരോഗമാണെന്നായിരുന്നു പ്രചരണം. കുട്ടിക്കാലത്തുണ്ടായ ശ്വാസകോശരോഗവുമായി ബന്ധപ്പെട്ടാണു കഥ മെനഞ്ഞത്. നാലഞ്ചു കർദിനാളന്മാർ എങ്കിലും ഇതേക്കുറിച്ച് തന്നോട് വിശദീകരണം ചോദിച്ചതായി ഫ്രാൻസിസ് പാപ്പ പിന്നീടു പറഞ്ഞു.
രാജിക്കത്ത് കൊടുത്തു തുടക്കം
തെരഞ്ഞെടുക്കപ്പെട്ട രണ്ടുമാസം കഴിഞ്ഞപ്പോൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ താർസിസിയോ ബർത്തോണെക്കു രാജിക്കത്ത് കൈമാറി ഫ്രാൻസിസ് പാപ്പ. ഇതേക്കുറിച്ചും പാപ്പാ പിന്നീടു പറഞ്ഞു: “തെരഞ്ഞെടുക്കപ്പെട്ട രണ്ടുമാസം കഴിഞ്ഞപ്പോൾ എന്റെ രാജിക്കത്ത് കർദിനാൾ ബർത്തോണെക്കു കൈമാറിയിരുന്നു. ആ കത്ത് എവിടെയാവും എന്നുപോലും എനിക്കറിയില്ല. ശുശ്രൂഷ നടത്താനാവാത്ത വിധം എന്തെങ്കിലും ആരോഗ്യപ്രശ്നം എനിക്ക് ഉണ്ടായാലോ രാജിപോലും സമർപ്പിക്കുവാൻ ആവാത്തവിധം അബോധാവസ്ഥയിൽ ആയാലോ ആണ് രാജിക്കത്തിന് വിലയുണ്ടാവുക. മാർപാപ്പ രാജി വയ്ക്കുന്നത് ഒരു ഫാഷനോ സാധാരണ സംഭവമോ ആകണം. ബനഡിക്ടിന് അതിനുള്ള ധൈര്യം ഉണ്ടായിരുന്നു. ആരോഗ്യകാരണങ്ങൾകൊണ്ട് അദ്ദേഹത്തിന് പാപ്പ സ്ഥാനത്ത് തുടർന്നു പോകാനാവില്ലെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. മാർപാപ്പായുടെ ദൗത്യം ആദ് വീത്താം ആണ്. അതായത് മരണം വരെ ഉള്ളതാണ്’.
നിരീശ്വരവാദി സ്വർഗത്തിൽ പോകുമോ?
നിരീശ്വരവാദി സ്വർഗത്തിൽ പോവില്ല എന്ന് പറയാൻ ഞാനാര്? ഒറ്റുകാരനായ യൂദാസ് നശിച്ചു പോയി എന്ന് വിധിക്കുന്നതെന്തിന്? എന്നതടക്കം തനിക്കു മുന്നിൽ ഉയർത്തപ്പെട്ട എല്ലാ വിഷയങ്ങളോടും ഹൃദയപൂർവം പ്രതികരിച്ചതിലൂടെ ഫ്രാൻസിസ് പാപ്പ വിവാദനായകനായി. പ്രാന്തവത്ക്കരിക്കപ്പെടുന്നവർക്കു വേണ്ടി വാദിച്ചപ്പോൾ കമ്യൂണിസ്റ്റുകാരനായും ചിത്രീകരിക്കപ്പെട്ടു.
ഒരു വിദേശയാത്ര കഴിഞ്ഞു മടങ്ങുന്പോൾ ഇത്തരം സംശയങ്ങൾ പത്രപ്രവർത്തകർതന്നെ അദ്ദേഹത്തോട് ചോദിച്ചു. അങ്ങയുടെ പ്രബോധനങ്ങൾ കത്തോലിക്കാ വിശ്വാസത്തിനു നിരക്കാത്തവയാണോ? ഞാൻ വിശ്വസിക്കുന്നത് ഇതാണ് എന്നു പറഞ്ഞ് അദ്ദേഹം വിശ്വാസപ്രമാണം ചൊല്ലിയാണ് ഉത്തരം കൊടുത്തത്. ഇത്തരം നിലപാടുകൾ എടുക്കുന്പോഴും അദ്ദേഹം ശിശുസഹജമായ വിശ്വാസം കാത്തു സൂക്ഷിച്ചു.
ഒരിക്കൽ അദ്ദേഹം പറഞ്ഞു: പരിശുദ്ധ അമ്മയയുടെ ഒരു രൂപമോ ചിത്രമോ കാണുന്പോൾ അമ്മ അവിടെ ഉണ്ടെന്ന് ഞാൻ അങ്ങു വിശ്വസിക്കും. ഞാനവിടെ നിൽക്കും. പലപ്പോഴും ഒന്നും പ്രാർഥിക്കില്ല. അമ്മ എന്നെ കാണട്ടെ. അമ്മയ്ക്ക് അറിയില്ലാത്ത എന്തു കാര്യമാണ് എനിക്കുള്ളത്? നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ അമ്മയായ ഞാൻ കൂടെ ഇല്ലെ എന്ന് കുറെ കഴിയുന്പോൾ അമ്മ എന്നോട് ചോദിക്കുന്നതായി എനിക്കു തോന്നും. ഞാൻ വിശ്വാസത്തോടെ യാത്ര തുടരും.
ഔസേപ്പ് പിതാവിനോടും ഉണ്ട് ഈ ഭക്തി. പരിഹരിക്കുവാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുന്പ് ഒരു കടലാസിൽ എഴുതി, മുറിയിലുള്ള ഉറങ്ങുന്ന മാർ യൗസേപ്പിന്റെ തിരുസ്വരുപത്തിന് അടിയിൽ വയ്ക്കും. നേരം വെളുക്കുന്പോൾ അതിനുള്ള പരിഹാരം തനിക്കു തെളിഞ്ഞു കിട്ടും -ഫ്രാൻസിസ് പാപ്പ സാക്ഷ്യപ്പെടുത്തുന്നു. മാർ യൗസേപ്പിന്റെ വത്സരം കൊണ്ടാടുന്പോൾ മാർ യൗസേപ്പിനോട് അങ്ങയോടൊത്ത് യേശു മനുഷ്യനായി എന്നു നടത്തിയ പ്രാർഥനയുടെ കാന്പ് രക്ഷാകര ദൗത്യത്തിലെ മാർ യൗസേപ്പിന്റെ പങ്കിന്റെ ആഴമാർന്ന വ്യാഖ്യാനമായി.
പ്രപഞ്ചത്തിനു സംരക്ഷണം അഭയാർഥിക്ക് അഭയം
നമ്മുടെ പൊതുഗൃഹമായ ഈ പ്രപഞ്ചത്തെ പാരിപാലിക്കണം, വീടും കൂടും വിട്ട് ഓടിവരുന്ന എല്ലാ പ്രവാസികൾക്കും സ്വാഗതം നേരണം, സ്വവർഗക്കാരോട് കരുണയോടെ പെരുമാറണം, സ്ത്രീകൾക്ക് സഭയിൽ ഉന്നതമായ പദവികൾ കൊടുക്കണം, ഒന്നിച്ചു നടക്കുന്നവർ ആവണം നമ്മൾ… തുടങ്ങി അസാധാരണമായ പ്രബോധനങ്ങളിലൂടെ ലോകത്തെയും സഭയെയും ഈ വലിയ മുക്കവൻ വിസ്മയിപ്പിച്ചു.
2013 മാർച്ച 19ന് മാർപാപ്പസ്ഥാനമേറ്റ അദ്ദേഹം ലോകത്തിനും സഭയ്ക്കും നല്കിയ ഏറ്റവും ശക്തമായ പ്രബോധനം എന്താവും? വിശ്വസാഹോദര്യത്തെക്കുറിച്ച് 2019ൽ പ്രസിദ്ധീകരിച്ച പ്രത്തെല്ലി തൂത്തി നാം സോദരർ എന്ന ചാക്രിക ലേഖനമാണോ? അല്ല, 2015ൽ പാരീസ് കാലവസ്ഥാ ഉച്ചകോടിക്കു മന്നോടിയായി പ്രപഞ്ചത്തെ പരിപാലിക്കുക എന്ന ആഹ്വാനവുമായി പുറപ്പെടുവിച്ച ലൗദാത്തോ സി അതായത് അങ്ങേക്ക് സ്തുതി എന്ന ചാക്രിക ലേഖനമാണത്. ലൗദാത്തോ സി ലോകത്ത് ഒരു പരിസ്ഥിതി പ്രസ്ഥാനമായി മാറി. ഈ ചാക്രിക ലേഖനത്തിന് രണ്ടാം ഭാഗം വന്നു. 2023 ലെ അപ്പോസ്തോലിക ലേഖനം. ലൗദാത്തെ ദേവും അതായത് ദൈവത്തെ സ്തുതിക്കുക.
സ്വവർഗക്കാരോടു കാണിച്ച കാരുണ്യവും സ്ത്രീകൾക്കു സഭാ ഭരണത്തിൽ കൊടുത്ത പ്രധാന്യവും എല്ലാ മതങ്ങളോടും കാണിച്ച ആദരവും 2019 ഫെബ്രുവരി നാലിന് അബുദാബി സന്ദർശിച്ചപ്പോൾ ഈജിപ്തിലെ ഗ്രാൻഡ് ഇമാ അഹമ്മദ് അൽ ചെയ്ബുമായി ചേർന്നു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും അവർ നടത്തിയ മതാന്തരസംവാദവും എന്നിങ്ങനെ പലതിലും ഓരോരുത്തരും പ്രാധാന്യം കണ്ടു.
സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് 16-ാമൻ പാപ്പ പ്രഖ്യാപിച്ച വിശ്വാസവർഷത്തിൽ സഭയുടെ സാരഥ്യം ഏറ്റെടുത്ത ഫ്രാൻസിസ് പാപ്പായുടെ ആദ്യത്തെ ചാക്രിക ലേഖനം വിശ്വാസത്തെക്കുറിച്ചായിരുന്നു. “ലുമൻഫിദെ’ വിശ്വാസത്തിന്റെ പ്രകാശം എന്നർത്ഥം. ബനഡിക്ട് പാപ്പ തയാറാക്കിക്കൊണ്ടിരുന്ന ലേഖനം താൻ പൂർത്തിയാക്കുകയായിരുന്നു എന്നാണ് ഈ ലേഖനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
2013 ജൂണിൽ പുറപ്പെടുവിച്ച ഈ ചാക്രിക ലേഖനം പാർശ്വവത്ക്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേർത്തുപിടിക്കേണ്ടത് വിശ്വാസിയുടെ കടമയായി ചിത്രീകരിച്ചു. 2016ൽ കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിനുശേഷം പുറപ്പെടുവിച്ച കുടുംബങ്ങളെക്കുറിച്ചുള്ള അമേരിസ് ലത്തിസിയ അഥവാ സ്നേഹത്തിന്റ ആനന്ദം എന്ന അപ്പസ്തോലിക പ്രബോധനം, ഹേ ലെ സിനഡാനന്തരം അമോരിസ് ലത്തിസിയോ, 2018ൽ വിശുദ്ധിയെ കുറിച്ച് എഴുതിയ ഗൗദാത്തെ എത്ത് എക്സുൽത്താത്തെ, 2019ൽ ക്രസ്തുസ് വിവിത്ത്, കെരിഡിയ ആമസോണിയ, 2020ൽ ലൗദാത്തെ ദേവും, 2024 ൽ ഈശോയുടെ തിരുഹൃദയത്തോടുള്ള സ്നേഹത്തെക്കുറിച്ച തയാറാക്കിയ ഡെലെക്സിത്ത് നോസ് ഇങ്ങനെ ഓരോന്നും വ്യത്യസ്തമായ അനുഭവമായി.
ധീരമായ നടപടികൾ
2014 ജുണ് ഏഴിന് വിശുദ്ധനാട്ടിൽ നിരന്തരം യുദ്ധത്തിലായിരിക്കുന്ന പലസ്റ്റീനായുടെ പ്രസിഡന്റ് ആബ്ബാസ്, ഇസ്രയേൽ പ്രസിഡന്റ് പെരെസ എന്നിവരെ വത്തിക്കാനിൽ സ്വീകരിച്ച് വത്തിക്കാൻ തോട്ടത്തിൽ സമാധാനത്തിനുള്ള ഒലിവു മരം നടുവിച്ചു. മാർപാപ്പായും എക്യുമേനിക്കൽ പാത്രിയാർക്കിസ് ബർത്തലോമിയോ ഒന്നാമനും ആ ചടങ്ങിൽ സംബന്ധിച്ചു. അന്ന് അവിടെ സമാധാനത്തിനായി യഹൂദ ക്രൈസ്തവ മുസ് ലിം പ്രാർഥനകൾ ഉയർന്നു.
വത്തിക്കാൻ കൂരിയായുടെ പ്രവർത്തനങ്ങൾ നവീകരിച്ചതും സുതാര്യമാക്കിയതുമാണ് അദ്ദേഹം കൈക്കൊണ്ട ഏറ്റവും ധീരമായ നടപടികളിൽ ഒന്ന്. കർദിനാൾ പെല്ലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സമിതിയുടെ ശിപാർശകൾ അനുസരിച്ച സഭയുടെ സാന്പത്തിക ഇടപാടുകൾ സുതാര്യമാക്കി, ചിട്ടപ്പെടുത്തി. 2019 മേയ് 19ന് പരിശുദ്ധ സിംഹാസനത്തിലെ കോണ്ട്രക്ടുകൾ സംബന്ധിച്ച് സുതാര്യത ഉറപ്പുവരുത്തുന്ന മോത്തു പ്രോപ്രിയോ പ്രസിദ്ധീകരിച്ചു. 2023 ഏപ്രിൽ 12ന് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് പിനൽ ലോയും ജുഡീഷ്യൽ സംവിധാനവും ഭേദഗതി ചെയ്തു.
2015 ഡിസംബർ എട്ടു മുതൽ 2016 നവംബർ 20 വരെ സഭ കരുണയുടെ വത്സരം ആചരിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ പ്രഖ്യാപനം 2013 മാർച്ച 13ന് മാർപാപ്പ നടത്തി. ഇതുസംബന്ധിച്ചു പുറപ്പെടുവിച്ച കരുണയുടെ മുഖം എന്ന തിരുവെഴുത്ത് ദൈവം കരുണയാകുന്നു എന്നു പ്രഘോഷിച്ചു. കത്തോലിക്കാ സഭയ്ക്ക് ബാലികേറാമല ആയിരുന്ന ചൈനയിലെ മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായി 201 ൽ താത്കാലിക കരാർ ഉണ്ടാക്കി രണ്ടുവട്ടം പുതുക്കി. സംവാദം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി പിത്രോ പരോളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ചൈനയുമായുള്ള ബന്ധം സംബന്ധിച്ച പരിപാടികൾ നടക്കുന്നത്.
2016 ഫെബ്രുവരി 16ൽ റഷ്യൻ പാത്രിയാർക്കിസ് കിറിൽ ഒന്നാമനുമായി കൂടിക്കണ്ടതും അസാധാരണമായി. 1054 ലെ പിളർപ്പിനുശേഷം ആദ്യമാണ് റഷ്യൻ സഭയുടെ തലവനും കത്തോലിക്ക സഭയുടെ തലവനും കൂടിക്കണ്ടത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നു. ക്യൂബയിലെ ഹവാനയിലുള്ള ജോസ് മാർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു കൂടിക്കാഴ്ച. മെക്സിക്കോയിലേക്കുള്ള യാത്രായുടെ ഭാഗമായാണ് പാപ്പ അവിടെ എത്തിയത്. കിറിൽ അവിടെ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. മുപ്പതിന സംയുക്ത പ്രഖ്യാപനം നടത്തി.
2022 ൽ കാനഡയിലേക്ക് അനുതാപ യാത്ര നടതതി. അവിടെ കുടിയേറിയ യുറോപ്യർ ദേശീയരോട് കാണിച്ച ക്രൂരതയ്ക്ക് മാർപാപ്പ മാപ്പുപറഞ്ഞു. കൂട്ടായ ചർച്ചയ്ക്കും സംവാദത്തിനും തുറവിയുള്ള സിനഡൽ സഭ എന്ന ആശയം മുന്നോട്ട് വച്ചു. അതു സാധ്യമാക്കുന്നതിന് രണ്ട് സിനഡുകൾ നടത്തി. 2022 ഫെബ്രുവരി 25ന് വത്തിക്കാനിലെ റഷ്യൻ എംബസിയിൽ നേരിട്ടെത്തി യുക്രെയ്ൻ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. 2022 മാർച്ച് 16ന് റഷ്യൻ പാത്രിയർക്കിസിനെ വീഡിയോ കോളിൽ വിളിച്ച് യുക്രെയ്ൻ യുദ്ധം നിർത്താൻ പുടിനെ ഉപദേശിക്കുവാൻ നിർബന്ധിച്ചു. അവർ തമ്മിൽ 40 മിനിറ്റ് സംസാരിച്ചു.
യുദ്ധം സംബന്ധിച്ചുള്ള പാത്രിയാർക്കിസിന്റെ നിലപാട് കണ്ട പാപ്പ, പാത്രിയാർക്കിസ് പുടിന്റെ ആൾട്ടർ ബോയി (കപ്യാർ) ആകരുതെന്നു പ്രതികരിച്ചത് റഷ്യൻ ഓർത്തോഡക്സ് സഭയെ വല്ലാതെ അസ്വസ്ഥമാക്കി. പാപ്പാ അജപാലന സന്ദർശനത്തിന് തെരഞ്ഞെടുത്തത് ലോകത്തിലെ ചെറിയ രാഷ്ട്രങ്ങളെ ആയിരുന്നു. ഇവയിൽ 1500 കത്തോലിക്കർ മാത്രമുള്ള മംഗോളിയയും ഉണ്ടായിരുന്നു. തന്റെ മുൻഗാമികളെ കബറടക്കിയ വിശുദ്ധ പത്രോസിന്റെ ബലസിക്കായ്ക്കു പകരം, പാപ്പായുടെ കത്തീഡ്രൽ പള്ളിയായ ജോണ് ലാട്രനിൽ തന്നെ കബറടക്കണം എന്നും അദ്ദേഹം നിർദേശിച്ചു.