പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി ചാരപ്പണി! ചിലരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പോലീസുകാരനെതിരേ കൂടുതൽ നടപടി വരും

തൊടുപുഴ: പോലീസ് ശേഖരിച്ചുവച്ച വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു പോലീസുകാരന്‍ ചോര്‍ത്തിക്കൊടുത്ത സംഭവം ആശങ്ക ഉയര്‍ത്തുന്നു.

പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ പോലീസില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഇടുക്കി ജില്ലയില്‍ നടന്ന സംഭവം.

ആർഎസ്എസ്, ബിജെപി നേതാക്കള്‍ അടക്കമുള്ളവരെക്കുറിച്ചു പോലീസ് ശേഖരിച്ചിരുന്ന വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ.അനസ് ആണ് സസ്‌പെന്‍ഷനില്‍ ആയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

പോലീസ് ഇന്‍റലിജന്‍റ്സ് ശേഖരിച്ച നിരവധി പേരുടെ വിവരങ്ങള്‍ ഇയാള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ടുകാരനു ചോര്‍ത്തി നല്‍കിയതായി പോലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

അനസിന്‍റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് തൊടുപുഴ ഡിവൈഎസ്പി കെ.സദന്‍ ഈ മാസം 16നാണ് എസ്പിക്കു കൈമാറിയത്. 22ന് അനസിനെ പോലീസ് ആസ്ഥാനത്തേക്കു സ്ഥലം മാറ്റിയിരുന്നു.

പ്രവാചകനെക്കുറിച്ചു പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു എന്നാരോപിച്ചു കഴിഞ്ഞ മൂന്നിനു കെഎസ്ആര്‍ടിസി കണ്ടക്ടറെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മര്‍ദിച്ചിരുന്നു.

ബസില്‍ കയറി മകളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. ഈ കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസില്‍നിന്നു വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്.

ഇവരില്‍ ചിലരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.

ഈ ഫോണില്‍ പോലീസില്‍നിന്നു ചോര്‍ത്തിയ വിവരങ്ങള്‍ കണ്ടതോടെ പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് അനസ് ചോര്‍ത്തി നല്‍കിയതാണെന്ന വിവരം പുറത്തുവന്നത്.

പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ ഔദ്യോഗിക ഡൊമൈന്‍ ഐഡി ഉപയോഗിച്ചു തന്നെയാണ് ചോര്‍ത്തല്‍ നടത്തിയത്.

തുടര്‍ന്ന് അനസ് തന്‍റെ ഫോണില്‍നിന്നു പോപ്പുലര്‍ ഫ്രണ്ടുകാരനായ സുഹൃത്ത് ഷാനവാസിന് അയച്ചുകൊടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്യും.

ഇപ്പോള്‍ ആറു മാസത്തക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം, ഇത്തരം സംഘടനകളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ പോലീസില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

പോലീസ് ശേഖരിച്ച വിവരങ്ങൾ മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വ്യക്തി വിവരങ്ങളും ഇങ്ങനെ ചോർന്നിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.

അതുകൊണ്ടു കര്‍ശന നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്താനാണ് പോലീസ് നേതൃത്വം ഒരുങ്ങുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷണവും ശക്തമാക്കും.

Related posts

Leave a Comment