കോന്നി: വകയാര്‍ കേന്ദ്രമാക്കിയുള്ള പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ ബാങ്കുകളില്‍ സ്ഥാപനത്തിന്റെ പേരിലുണ്ടായിരുന്ന അക്കൗണ്ടുകള്‍ പോലീസ് അന്വേഷണസംഘം മരവിപ്പിച്ചു.
2000 കോടി രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലുള്ളതായി പോലീസിനു പ്രാഥമിക വിവരം ലഭിച്ചിരുന്നു. നിലവിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍മാര്‍ക്ക് കത്തു നല്കി.
എന്നാല്‍ അക്കൗണ്ടുകള്‍ പൂര്‍ണമായി പോപ്പുലര്‍ ഫിനാന്‍സിന്റെ പേരിലല്ല. സബ്സിഡിയറി കമ്പനികള്‍ രൂപീകരിച്ചും ഉടമകളുടെ പേരുവിവരത്തില്‍ മാറ്റംവരുത്തിയതുമാണ് പല അക്കൗണ്ടുകളുമെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വിവിധ ശാഖകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ വിവരങ്ങളും തേടുന്നുണ്ട്. ശാഖകളില്‍ വച്ചിരുന്ന സ്വര്‍ണപ്പണയ ഉരുപ്പടികള്‍ മറ്റു ബാങ്കുകളില്‍ പണയത്തിലാണെന്നും സൂചന ലഭിച്ചു. കഴിഞ്ഞദിവസങ്ങളില്‍ പോപ്പുലര്‍ ശാഖകളില്‍ പണയം തിരികെ എടുക്കാന്‍ എത്തിയവര്‍ക്ക് ലോക്കറിന്റെ താക്കോല്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്്.
പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്സ്പോര്‍ട്സ്, പോപ്പുലര്‍ ഡീലേഴ്സ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ മാനേജിംഗ് പാര്‍ട്ണര്‍ തോമസ് ദാനിയേല്‍ ഇന്നലെ പത്തനംതിട്ട സബ്കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു.
പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്സ് എന്നീ സ്ഥാപനങ്ങളുടെ പേരുകളും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാധ്യതകള്‍ തീര്‍ക്കാന്‍ പണമില്ലാത്തതിനാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പാപ്പര്‍ ഹര്‍ജി.
ഹര്‍ജിക്കാരെ പാപ്പരായി കണ്ടെത്തിയാല്‍ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ നിയമനടപടികളില്‍ നിന്ന് ഒഴിവാകും. ഒപ്പം ഹര്‍ജിക്കാരന്റെ വസ്തുവകകള്‍ കോടതി ഏറ്റെടുക്കും. സെപ്റ്റംബര്‍ ഏഴിനാണ് ഇനി കേസ് പരിഗണനയ്ക്കു വരിക.
ഇതുവരെ ലഭിച്ചത് അഞ്ഞൂറോളം പരാതി
പോലീസില്‍ ലഭിച്ച പരാതികള്‍ അഞ്ഞൂറോളമായി. കോന്നി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലായി ഇന്നലെ മാത്രം മുന്നൂറോളം പരാതികളാണെത്തിയത്. കോന്നിയില്‍ 211, പത്തനംതിട്ടയില്‍ 88 പരാതികളാണ് ഇന്നലെ ലഭിച്ചത്.
കൊല്ലം, കോട്ടയം ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതികളെല്ലാം കോന്നി പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് പോലീസ് തീരുമാനം. ഡിവൈഎസ്പി ആര്. ബിനുവിനാണ് അന്വേഷണച്ചുമതല.
കേസിലെ പ്രതികളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ ഡാനിയേല്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
പ്രതിസന്ധി താത്കാലികം, മുങ്ങിയതല്ലെന്ന് പോപ്പുലര്‍ എംഡി
പോപ്പുലര്‍ ഫിനാന്‍സില്‍ നിലവിലുണ്ടായ പ്രതിസന്ധി താത്കാലികം മാത്രമെന്ന് മാനേജിംഗ് ഡയറക്ടര്‍ തോമസ് ദാനിയേല്‍. ആറു മുതല്‍ ഒമ്പതുമാസംവരെ സമയം തന്നാല്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും തങ്ങള്‍ മുങ്ങിയതല്ലെന്നും എംഡി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇടപാടുകാരില്‍ ചിലരും പോലീസും മാധ്യമങ്ങളും ഉയര്‍ത്തുന്ന സമ്മര്‍ദം കാരണം മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്നാണ് സ്ഥാപനത്തില്‍ പ്രതിസന്ധിയുണ്ടായത്. സ്വര്‍ണം നിക്ഷേപകരുടെ ആവശ്യത്തിനും ശമ്പളത്തിനും സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുമാണ് ഉപയോഗിച്ചത്. ബന്ധുക്കള്‍ക്ക് ഇതുമായി ബന്ധമില്ല. ധനാപഹരണം നടത്തിയിട്ടില്ല.
കുറച്ച് നിക്ഷേപകരോ മറ്റ് ബന്ധപ്പെട്ടവരോ ബുദ്ധിമുട്ടിച്ചാല്‍ എല്ലാം തകരും. ചിലര്‍ ഒരുമിച്ച് നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചു. കുറെയാളുകള്‍ ഓഫീസിലെത്തി ഗുസ്തിയുണ്ടാക്കി. സ്ഥാപനം അടച്ചുപൂട്ടാനും ചിലര്‍ ശ്രമിച്ചതായും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനത്തില്‍ നിന്ന് ഇതിനു മുമ്പ് ഇതേവരെ ഒരു പ്രശ്നവും ഇടപാടുകാര്‍ക്ക് ഉണ്ടായിട്ടില്ലെന്നും തോമസ് ദാനിയേല്‍ പറഞ്ഞു.