സ്വന്തം ലേഖകന്‍
കൊച്ചി : കാന്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫ് ഷെരീഫിലൂടെ കാമ്പസ് ഫ്രണ്ടിലെയും പോപ്പുലര്ഫ്രണ്ടിലെയും ഉന്നതരിലേക്കു അന്വേഷണം നീളുന്നു.
അടുത്ത കാലത്തു പോപ്പുലര്‍ഫ്രണ്ട് ആസ്ഥാനങ്ങളിലും നേതാക്കളുടെ ഭവനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു.
റൗഫ് കാമ്പസ് ഫ്രണ്ടിന്റെ വരുമാനസ്രോതസായിട്ടാണ് ഇഡി സംശയിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന സമരങ്ങളും രാജ്യത്തെ മറ്റു സമരങ്ങളിലേക്കും പണമൊഴുകിയതിനെ കുറിച്ചുള്ള അന്വേഷണമാണ് റൗഫിലെത്തിയിരിക്കുന്നത്.
വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) കാന്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫ് ഷെരീഫിനെ അറസ്റ്റ ് ചെയ്തത്.
റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു കോടിയിലധികം രൂപയുടെ സംശയകരമായ ഇടപാടു നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. പിഎംഎല്‍എ നിയമപ്രകാരംമൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും റൗഫ് ഹാജരായില്ല.
അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചെന്നും ഭാര്യ ഗര്‍ഭിണിയാണെന്നും ചൂണ്ടിക്കാട്ടി രണ്ടു തവണ ഒഴിഞ്ഞുമാറി. മൂന്നാം തവണ പനിയും ശരീരവേദനയും മറ്റു രോഗങ്ങളും നിമിത്തം ചികിത്സയിലാണെന്ന് ഇമെയില്‍ വഴി അറിയിച്ചു.
ഇതിനിടയില്‍ രഹസ്യമായി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ റൗഫിന്റെ പിന്നാലെ അന്വേഷണ ഏജന്‍സികളുണ്ടായിരുന്നു. വിദേശത്ത് കടക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടിനു തന്നെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു. ഇതാണ് അറസ്റ്റിന് വഴിയൊരുക്കിയത്.
മൂന്നു അക്കൗണ്ടുകളാണു റൗഫിനുള്ളത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത കാമ്പസ് ഫ്രണ്ട് സംഘടനയ്ക്കു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഈ മൂന്നു അക്കൗണ്ടുകള്‍ വഴിയാണ്.
കോവിഡ് ലോക്ഡൗണ്‍ കാലത്തും റൗഫിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു. ഒമാനില്‍ ജോലി ചെയ്തിരുന്ന റൗഫ് ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത്.
ഇത്തരം സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണന്ന് ഇഡിയുടെ ന്യൂഡല്‍ഹി യൂണിറ്റിലെ അസി.ഡയറക്ടര്‍ വിനയ്കുമാര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റൗഫിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 14 ദിവസം റിമാന്‍ഡ് ചെയ്തു.
ഒരു അക്കൗണ്ട് വഴി 2018- 2020 കാലയളവില്‍ 1.35 കോടി രൂപയുടെ ഇടപാടുകള്‍ റൗഫ് നടത്തിയിരുന്നു. 29.19 ലക്ഷം രൂപ കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ വിദേശത്തുനിന്നു നിക്ഷേപിച്ചു. ഹോട്ടല്‍ ബില്ലെന്ന പേരില്‍ നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരാണു തുക കൈമാറിയത്.
റൗഫിന് ഇന്ത്യയിലോ ഒമാനിലോ ഹോട്ടലുണ്ടെന്നും സംശയമുണ്ട്. കോവിഡ് ലോക്ക് ഡൗണില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തിലാണു പണം നിക്ഷേപിച്ചത്. ഇതും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഭൂമിയും വാഹനങ്ങളും വാങ്ങാനായി റൗഫ് പണം ചെലവഴിച്ചതിന്റെ രേഖകള്‍ കണ്ടെത്തുകയും ചെയ്തു.
മറ്റൊരു അക്കൗണ്ട് വഴി 2019 – 2020 കാലയളവില്‍ 67 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയും സംശയത്തിന് ഇട നല്കി. 2020 മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ വിദേശത്തേക്കു 19.7 ലക്ഷം രൂപ അയച്ചു. ഇതേ അക്കൗണ്ടിലേക്കു 16 ലക്ഷം രൂപ നിക്ഷേപിച്ചു.-ഇങ്ങനെ പോകുന്നു ഇടപാടുകള്‍.
മൂന്നാമത്തെ അക്കൗണ്ടിലൂടെ 2020ല്‍ ഇതുവരെ 20 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തി. റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
പിഎഫ്ഐയുടെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്ഐ)യാണ് ഹത്രാസില്‍ കലാപത്തിന് പദ്ധതിയിട്ടതെന്ന ആരോപണത്തിന്റെ മേലാണ് അന്വഷണവും നടക്കുന്നുണ്ട്.