പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് അന്വേഷണം സിബിഐ സംഘം ഉടൻ ഏറ്റെടുക്കും. സാന്പത്തിക കുറ്റാന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഹൈക്കോടതി നിർദേശവും സംസ്ഥാന സർക്കാർ തീരുമാനവും പരിഗണിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. നിലവിൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ സിബിഐ ഏറ്റെടുക്കും.
നിലവിലെ അന്വേഷണം പോലീസ് തുടരുകയുമാണ്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പോലീസ് നടത്തിയിട്ടുണ്ട്.
കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
നടപടികൾക്ക് ഫിനാൻസ് എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് എം. കൗളിനാണ് നടപടികളുടെ ചുമതല. പോലീസ് അന്വേഷണത്തിൽ 2000 കോടി രൂപയിലധികം തട്ടിപ്പ് നടന്നതായാണ് വിവരം.
124 കോടി രൂപയുടെ ആസ്തികളാണ് ഉടമകളുടേതായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേസ് സിബിഐക്കു വിട്ട സാഹചര്യത്തിൽ തുടർ അന്വേഷണം വരുന്നതിനു മുന്പായാണ് കേന്ദ്രനിയമ പ്രകാരമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവായത്.
ഏറ്റെടുക്കുന്ന സ്വത്തുക്കൾ ലേലം ചെയ്തോ വില്പന നടത്തിയോ നിക്ഷേപകർക്കായി നൽകും.പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നിയമനടപടിയെടുത്ത് നിക്ഷേപിച്ച തുക തിരികെ ലഭിക്കണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം.
സ്ഥാപനത്തിന്റെ ഉടമകളും കുടുംബാംഗങ്ങളുമായ അഞ്ചു പേരെയാണ് ഇതേവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും ഇവരെക്കൂടി കേസിൽ പ്രതിയാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കൂടുതൽ നിക്ഷേപകർ പരാതിയുമായി ഈ ദിവസങ്ങളിൽ പോലീസിനെ സമീപിക്കുന്നുണ്ട്. കോടികളുടെ നിക്ഷേപം നടത്തിയവരും ഇതിലുൾപ്പെടും. 60 കേസുകൾ ശനിയാഴ്ച വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എല്ലാ പരാതികളിലും പ്രത്യേക എഫ്ഐആറിട്ട് കേസെടുക്കണമെന്ന ഹൈക്കോടതി നിർദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടികൾ.