പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു തുടങ്ങി.
പോലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി പ്രതികളെ തിരുവനന്തപുരത്തു ജയിലില്‍ എത്തിച്ചതിനു പിന്നാലെയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. പ്രതികളായ തോമസ് ദാനിയേല്‍, പ്രഭ, റീനു, റേബ എന്നിവരെ ജയിലില്‍ തന്നെയാണ് ചോദ്യം ചെയ്യുന്നത്.
റിമാന്‍ഡിലുള്ള മറ്റൊരു മകള്‍ റിയ കോവിഡ് മുക്തയാകുന്ന മുറയ്ക്ക് ചോദ്യം ചെയ്യും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം ഡിവിഷനാണ് അന്വേഷണച്ചുമതല.
തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളുടെ ഭാഗമായി പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ടു കോടതിയുടെ നിര്‍ദേശപ്രകാരം ഓരോ പരാതികളിലും എഫ്ഐആര്‍ ഇടുന്ന ജോലികള്‍ പോലീസ് പൂര്‍ത്തീകരിച്ചുവരികയാണ്.
നിലവിലെ പരാതികളുടെ വിവരങ്ങളോ എഫ്ഐആര്‍ സംബന്ധിച്ച വിവരങ്ങളോ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിനു പുറത്തും തട്ടിപ്പുമായി ലഭിച്ചിട്ടുള്ള പരാതികളിലെല്ലാം പ്രത്യേക എഫ്ഐആര്‍ ഇടും. ഇതോടെ ഓരോ കേസും പ്രത്യേക കോടതിയുടെ പരിഗണനയിലുമാകും.