കൊച്ചി /കോഴിക്കോട് / മലപ്പുറം : സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.
പിഎഫ്ഐ ദേശീയ ചെയര്മാന് ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, എന്നിവരുടെ വീടുകളിലാണ് പരിശോധന. തിരുവനന്തപുരത്തെ കരമന സ്വദേശി അഷ്റഫ് മൗലവിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി.
നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ നിന്ന് ചില പുസ്തകങ്ങളും പെന്‍ഡ്രൈവും കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടും. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയതെന്നാണ് വിവരം.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പിഎഫ്ഐയുടെ ഡല്‍ഹി അധ്യക്ഷന്‍ പര്‍വേശ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി പോലീസാണ് കേസ് അന്വേഷിച്ചത്. കലാപത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചാണ് ഇഡി പരിശോധിക്കുന്നതെന്നാണ് വിവരം.
നേരത്തെ അഷ്റഫ് മൗലവിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇഡി ചോദിച്ചറിഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സി അഷ്റഫ് മൗലവിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് ശേഷമാണ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നത്. റെയ്ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.