കോന്നി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഇന്നലെ ഡല്‍ഹിയില്‍ പിടിയിലായ യുവതികളെ ഇന്ന് കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
ഉടമ തോമസ് ദാനിയേലിന്റെ മക്കളും സ്ഥാപനം ഡയറക്ടര്‍മാരുമായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് ഇന്നലെ പിടിയിലായത്.
പത്തനംതിട്ട വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 2000 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവരുന്നത്. സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയവരും മറ്റുമായി 500 ലധികം പരാതികള്‍ ഇതിനോടകം സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ പിടിയിലായ റിനു മറിയം തോമസ് സ്ഥാപനത്തിന്റെ സിഇഒയാണ്. റിയ ആന്‍ തോമസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഇവര്‍ക്കെതിരെ ലുക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഓസ്ട്രിലേയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇരുവരും എമിഗ്രേഷന്‍ ക്ലിയറന്സിനിടെയാണ് പിടിയിലായത്. വിവരം കേരള പോലീസിനു കൈമാറുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണസംഘത്തിലെ സിഐമാരായ പി.എസ്. രാജേഷും ലീലാമ്മയും ഇന്നലെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. റിനുവിനെയും റിയെയും ഡല്‍ഹിയില്‍ കോടതിയില്‍ ഹാജരാക്കിയശേഷം നാട്ടിലേക്കു കൊണ്ടുവരും.
അതേസമയം ഇവരുടെ മാതാപിതാക്കളും കമ്പനിയുടെ മുഖ്യ നടത്തിപ്പുകാരുമായിരുന്ന തോമസ് ഡാനിയല്‍ (റോയി), പ്രഭാ ഡാനിയല്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. മക്കളെ ചോദ്യം ചെയ്യുന്നതോടെ മാതാപിതാക്കളെ സംബന്ധിച്ച വിവരം ലഭിക്കുമെന്നാണ് സൂചന.
ലുക്കൗട്ട് നോട്ടീസില്‍ മാതാപിതാക്കള്‍ മാത്രമേയുള്ളൂവെന്ന ്കരുതിയാണ് രണ്ട് പെണ്മക്കളും നാടുവിടാന്‍ പദ്ധതി തയാറാക്കിയതെന്ന് പോലീസ് പറഞ്ഞു. കേസില്‍ തോമസി (റോയി)നും ഭാര്യ പ്രഭയ്ക്കുമൊപ്പം മക്കള്‍,
മരുമക്കള്‍, പോപ്പുലര്‍ ഫിനാന്‍സ് മാനേജര്‍മാര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എല്ലാവരുടെയും പേരില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
പ്രധാന രേഖകള്‍ പിടിച്ചെടുത്തു
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ കോന്നി വകയാറിലെ പ്രധാന ഓഫീസില്‍ ഇന്നലെ നടന്ന പോലീസ് റെയ്ഡില്‍ പ്രധാനപ്പെട്ട പല രേഖകളും കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്. ബിനു, ഏനാത്ത് സിഐ ജയകുമാര്‍, കൂടല്‍ സിഐ ബിജു, കോന്നി, ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള എസ്ഐമാര്‍ അടങ്ങിയ 30 അംഗ ടീമാണ് റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ മൂന്നു പ്രധാന സെര്‍വറുകളും കംപ്യൂട്ടറുകളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകിട്ട് നാലു വരെ തുടര്‍ന്നു. കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ സൈബര്‍ സെല്ലിലെ ഐടി വിദഗ്ധരാണ് രേഖകളും മറ്റും പരിശോധിച്ചത്.
ബാങ്ക് അക്കൗണ്ടുകള്‍ അടക്കം മരവിപ്പിക്കാനുള്ള നിര്‍ദേശവും പോലീസ് നല്കി. പോലീസ് പരിശോധനയ്ക്കു പിന്നാലെയാണ് പത്തനംതിട്ട സബ് കോടതിയില്‍ നിന്നുള്ള ജപ്തി നോട്ടീസ് ഹെഡ് ഓഫീസിനു മുമ്പില്‍ പതിച്ചത്.
പരാതികള്‍ കൂടുതലായി ലഭിക്കുന്നുണ്ടെന്നും കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ചേര്‍ത്ത് പുതിയ അന്വേഷണസംഘം അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ജില്ലയ്ക്കു പുറമേനിന്നടക്കം പോപ്പുലര്‍ ഫിനാന്‍സ് ഇടപാടില്‍ ലഭിക്കുന്ന എല്ലാ പരാതികളുടെയും അന്വേഷണച്ചുമതല ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു നല്‍കിയിട്ടുണ്ട്.