
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം ജീവനക്കാരിലേക്ക്. കൂടുതല്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള ശാഖകളിലെ മാനേജര്‍മാരടക്കം പ്രതിപ്പട്ടികയിലാകുമെന്ന് സൂചന.
മൊഴികളുടെ അടിസ്ഥാനത്തില്‍ പിന്നീട് ഇവരെ മാപ്പുസാക്ഷികളാക്കിയേക്കാമെന്നും പറയുന്നു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പായി നിക്ഷേപത്തട്ടിപ്പിന്റെ പിന്നാമ്പുറം തേടുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്.
നിക്ഷേപത്തുക വകമാറ്റിയ രീതികള്‍, പ്രതികളുടെ സ്വത്തുക്കള്‍, വിദേശ ഇടപാടുകള്‍, വിദേശത്തുള്ള നിക്ഷേപം, തിരിമറികള്‍, വന്‍തുക നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ഇവയെല്ലാം ഇഡി അന്വേഷിച്ചുവരികയാണ്. എന്‍ഫോഴ്സ്മെന്റ് കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി ഇഡി പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേലിനെ ജയിലില്‍ ചോദ്യം ചെയ്തുവരികയാണ്. സ്വത്തുക്കളുടെ കൈമാറ്റം, പണം വിദേശത്തേക്കു കടത്തിയതും സംബന്ധിച്ചാണ് വിവരം തേടുന്നത്.
എന്നാല്‍ വ്യക്തമായ മറുപടി റോയിയുടെ ഭാഗത്തുനിന്നു ലഭിക്കാത്ത സാഹചര്യത്തില്‍ നിലവില്‍ റിമാന്‍ഡിലുള്ള മറ്റു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. പിന്നാലെ ജീവനക്കാരില്‍ നിന്നു വിവരം തേടാനാണ് ഇഡിയുടെ നീക്കം.
റോയിയുടെ ഭാര്യ പ്രഭ, കമ്പനിയുടെ സിഇഒ ആയിരുന്ന ഡോ.റിനു മറിയം തോമസ് എന്നിവരെയാണ് പ്രധാനമായും ചോദ്യം ചെയ്യാനുള്ളത്. ഡയറക്ടര്‍മാരായിരുന്ന ഡോ.റിയ, റേബ എന്നിവര്‍ക്ക് ഇടപാടുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലെന്നാണ് ലഭിച്ചിട്ടുള്ള സൂചന.
ഇവര്‍ നാലുപേരും അട്ടക്കുളങ്ങര ജയിലിലാണ്. ജയിലിലെത്തി ഇവരില്‍ നിന്നു മൊഴിയെടുക്കാനുള്ള നടപടികളിലാണ് ഇഡി. നാളെയോടെ ഇവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ശാഖകളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതില്‍ മാനേജര്‍മാരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഇഒ ആയിരുന്ന ഡോ.റീനുവിന്റെ നിര്‍ബന്ധം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതായി ശാഖാ മാനേജര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
നിക്ഷേപത്തുക ശരിയായ വഴിയിലൂടെയല്ല പോകുന്നതെന്ന് വ്യക്തമായിട്ടും ആളുകളില്‍ നിന്നു പണം സമാഹരിക്കാന്‍ മുന്നിട്ടുനിന്ന മാനേജര്‍മാര്‍ക്ക് ഇന്‍സെന്റീവ് അടക്കം ലഭിച്ചിരുന്നു.
നിക്ഷേപസമാഹരണം നടത്താനും ആളുകളുടെ വിശ്വാസ്യത ഉറപ്പാക്കാനുമായി പ്രാദേശികമായി ബന്ധമുള്ള മാനേജര്‍മാരെയാണ് ശാഖകളില്‍ നിയോഗിച്ചിരുന്നത്. നിക്ഷേപത്തട്ടിപ്പില്‍ ഇവരെക്കൂടി കൂട്ടുപ്രതികളാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിവാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.