ആലുവ: നിക്ഷേപം ഇരട്ടിച്ചു കൊടുക്കാം എന്ന വ്യാജേന പത്തനംതിട്ട ജില്ല ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമകൾ നിക്ഷേപകരിൽ നിന്ന് 2000 കോടി രൂപയിലേറെ പണം തട്ടിച്ച കേസിൽ ആലുവ താലൂക്കിലെ ഓഫീസുകളിൽ വ്യാപക ജപ്തി.
ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പോലീസ്-റവന്യൂ വിഭാഗങ്ങളാണ് ഇന്നലെ ജപ്തി നടത്തിയത്. കണ്ടുകെട്ടിയ സ്വർണവും പണവുമടക്കമുള്ള സ്ഥാവരജംഗമ വസ്തുക്കൾ കളക്ടർക്കു കൈമാറി.
ആലുവ, നെടുമ്പാശേരി, അങ്കമാലി, കറുകുറ്റി, മഞ്ഞപ്ര ഓഫീസുകളിലായിരുന്നു പരിശോധന. ഈ ശാഖകളിൽ നിന്നായി ഇരുന്നൂറിലേറെപ്പേരിൽ നിന്നു കോടികൾ തട്ടിയതായിട്ടാണ് പരാതി.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം എട്ടോളം പേർ കോടികൾ നിക്ഷേപിച്ചതായി പറയുന്നു. വിവിധ സ്റ്റേഷനുകളിലായിട്ട് നിരവധി പേർ കേസുമായിയെത്തിയിരുന്നു.
ആലുവ തഹസീൽദാർ പി.എൻ. അനി, ഡെപ്യൂട്ടി തഹസീൽദാർ സി.എ. റാഷിമോൻ, എസ്ഐ പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികൾ. അതേ സമയം, ആലുവയിലെ പൊട്ടിയ ചില ചിട്ടിക്കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലായ പല ഫിനാൻസ് സ്ഥാപനങ്ങളും പോപ്പുലറിന്റെ പേരിൽ രക്ഷപ്പെടുകയാണെന്നും ആക്ഷേപമുണ്ട്.
പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകൾ 2000 കോടി രൂപ തട്ടിയെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. നിക്ഷേപകരെ ചതിച്ച് പണം വിദേശത്ത് നിക്ഷേപിച്ചെന്നും അഞ്ച് സംസ്ഥാനങ്ങളിലുള്ള ആളുകൾ കബളിപ്പിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.