പത്തനംതിട്ട: കോന്നി വകയാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് ഓരോ ശാഖകളിലെയും ഇടപാടുകളുടെ പൂര്‍ണവിവരം അന്വേഷണസംഘം തേടുന്നു. കോന്നി, പത്തനംതിട്ട ശാഖകളിലെ വിവരശേഖരണം ഏറെക്കുറെ പൂര്‍ത്തിയായി. കോന്നിയില്‍ മാത്രം 600 കോടി രൂപയുടെ ഇടപാടുകള്‍ കണ്ടെത്തി.
നിക്ഷേപകരില്‍ ഒരുവിഭാഗം ഇപ്പോഴും പരാതി നല്കാനെത്തുന്നില്ലെന്നതു ശ്രദ്ധേയമായിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ഇടപാടുകളുടെ കൃത്യമായ വിവരശേഖരണം ശാഖകള്‍ കേന്ദ്രീകരിച്ച് നടത്തുകയാണ് അന്വേഷണസംഘം.
പരാതിക്കാരായ നിക്ഷേപകരില്‍ നിന്ന് അസല്‍സര്‍ട്ടിഫിക്കറ്റുകളും വാങ്ങുന്നുണ്ട്. ഇതില്‍നിന്ന് നിക്ഷേപം നടത്തിയിട്ടുള്ള രീതിയും ഒപ്പുവച്ചിട്ടുള്ളവരുടെ പേരുവിവരവും കണ്ടെത്താനാകും. മിക്ക സര്‍ട്ടിഫിക്കറ്റുകളിലും മാനേജിംഗ് പാര്‍ട്ണര്‍ തോമസ് ദാനിയേലാണ് ഒപ്പുവച്ചിട്ടുള്ളത്.
ചിലതില്‍ സിഇഒ ഡോ.റിനു മറിയം തോമസും ഒപ്പുവച്ചിട്ടുണ്ട്. കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് നിക്ഷേപകനായ തിരുവനന്തപുരം സ്വദേശി അഡ്വ.പി. രവീന്ദ്രന്‍പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പത്തുലക്ഷം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് പരാതി.
പോപ്പുലര്‍ ഗ്രൂപ്പിന്റെ പോപ്പുലര്‍ മറൈന്‍ പ്രോഡ്ക്ട്സ് കമ്പനിയില്‍ 2019 ഡിസംബറിലാണ് രവീന്ദ്രന്‍പിള്ള നിക്ഷേപം നടത്തിയത്. നിക്ഷേപം തിരികെ ലഭിക്കാതെ വന്നതോടെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസില്‍ നല്കിയ പരാതിയില്‍ നടപടിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു.