പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കാനും കേസെടുക്കാനും നടപടി വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില്‍ കോന്നി പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചു മാത്രമാണ് കേസെടുക്കുന്നത്. കോന്നി ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചു വന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയ പതിനായിരക്കണക്കിന് ആളുകളുടെ പണം തട്ടിയെടുത്ത് കേരളത്തിനു വെളിയിലും അന്യരാജ്യങ്ങളിലും ഉടമകള്‍ നിക്ഷേപിച്ചു.
വിവിധ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത ബിനാമി സ്ഥാപനങ്ങളിലേക്ക് ഈ പണം വകമാറ്റി. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. വിവിധ വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരുടെ സമ്പാദ്യമാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.
കേസന്വേഷണത്തിന്റെ ചുമതല പ്രത്യേകമായി ഐജിക്ക് നല്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പത്തനംതിട്ടയില്‍ പ്രത്യേക കോടതി സ്ഥാപിച്ച് എല്ലാ കേസുകളും തീര്‍പ്പാക്കണം.
തട്ടിപ്പിന് വിധേയരായ എല്ലാ നിക്ഷേപകര്‍ക്കും ആശ്വാസം ലഭിക്കാന്‍ യോജിച്ച നടപടികള്‍ ഉണ്ടാകണമെന്നും ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ആവശ്യപ്പെട്ടു.