കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തുക്കളില്‍ പത്ത് ആഡംബര കാറുകളും.
കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പോപ്പുലര്‍ ഗ്രൂപ്പിന്റെ കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമുള്‍പ്പെടെ 31 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാറുകളുടെ മൂല്യംമാത്രം രണ്ടുകോടി രൂപയാണ്.
വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ച സ്വര്‍ണവും ഇതില്‍പ്പെടും. 14 കോടി രൂപയാണു സ്വര്‍ണത്തിന്റെ മതിപ്പുവില. ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളും ചേര്‍ത്താണു 31 കോടി രൂപ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.
രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണു ക്രമക്കേട് നടത്തിയിട്ടുള്ളത്.
1600ലധികം പേരില്‍നിന്നായി സ്വര്‍ണവും പണവും വാങ്ങിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഇലക്ട്രോണിക് തെളിവുകള്‍, സാമ്പത്തിക ഇടപാടുകള്‍, ഭൂമി ക്രയവിക്രയങ്ങള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികള്‍ എന്നിവയുടെ തെളിവുകളും പരിശോധിച്ചാണു സുപ്രധാന നടപടി ഇഡി കൈക്കൊണ്ടത്.
ഓഗസ്റ്റ് ഒമ്പതിനാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളായ എംഡി തോമസ് ഡാനിയേലിനെയും മകള്‍ റീനു മറിയെയും ഇഡി അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഇഡി സമാന്തര അന്വേഷണം നടത്തി ബന്ധപ്പെട്ട രേഖകളും തെളിവുകളും പോലീസില്‍നിന്നു ശേഖരിച്ചിരുന്നു.