കോഴിക്കോട്: സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് പരാതി നല്കിയ ഇരകള്‍ക്ക് നീതി അകലെ.
കേസ് സിബിഐയ്ക്ക് കൈമാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും കേസന്വേഷണം സിബിഐ ആരംഭിച്ചിട്ടില്ല. മാസങ്ങളായി പരാതി നല്‍കിയിട്ടും തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്നത് അവ്യക്തമാണ്.
ഫയലുകൾ റെഡി; സിബിഐ വന്നില്ല
ഓരോ ജില്ലയിലേയും ലോക്കല്‍ പോലീസ് അന്വേഷിച്ച പോപ്പുലര്‍ ഫിനാന്‍സിനെതിരേയുള്ള പരാതിക്കാരുടെ മൊഴിയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനാ വിവരങ്ങളും കണ്ടെടുത്ത തെളിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ഉടന്‍ തയാറാക്കാന്‍ കഴിഞ്ഞ മാസം ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ കേസുകളുടേയും ഫയലുകള്‍ തയാറാക്കി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ ഫയലുകള്‍ തേടി സിബിഐ വന്നിട്ടില്ല.
സിബിഐ കേസ് ഫയലുകള്‍ ആവശ്യപ്പെടുന്നത് വരെ അന്വേഷണം തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ കേസുകളിലും ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചു.
ഹൈക്കോടതി പറഞ്ഞപ്പോൾ
സംസ്ഥാന സര്‍ക്കാര്‍ കേസ് കൈമാറിയിട്ടും ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈക്കോടതി കേസ് ഏറ്റെടുക്കന്‍ ഉത്തരവിടുകയായിരുന്നു.
2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയത്. കേസില്‍ പ്രധാന പ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ ഡാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിദേശരാജ്യങ്ങളിലടക്കം പ്രതികള്‍ നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ അന്വേഷിക്കാന്‍ പോലീസിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.
ഓരോ പരാതിക്കും പ്രത്യേക കേസും എഫ്ഐആറും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും പരാതിക്കാരുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചു.