നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്സി (എന്.ഐ.എ)യുടെ കുറ്റപത്രത്തില് ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങള്.
2047ഓടെ ഇന്ത്യയില് ഇസ്ലാമിക ഭരണകൂടമുണ്ടാക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത്് ഭീകരപ്രവര്ത്തനവും വര്ഗീയ, വിദ്വേഷ പ്രചാരണങ്ങളും അസ്വസ്ഥതകളും വളര്ത്താന് പിഎഫ്ഐ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില് പറയുന്നു.
സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളുടെ നാശം ലക്ഷ്യമിട്ട് സര്വീസ് ടീംസ്, കില്ലര് സ്ക്വാഡ്സ് എന്നീ പേരുകളില് രഹസ്യ സംഘങ്ങള് ഉണ്ടാക്കിയെന്നും കുറ്റപത്രത്തില് പറയുന്നു.
ബംഗളൂരുവിലെ പ്രത്യേക എന്.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്. യുവമോര്ച്ച പ്രവര്ത്തകനായ പ്രവീണ് നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് എന്ഐഎ ഈ റിപ്പോര്ട്ട് നല്കിയിരിക്കുന്നത്.
കഴിഞ്ഞ വര്ഷം ജൂലായ് 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുല്ലിയ താലൂക്കിലെ ബെല്ലാരയിലാണ് പ്രവീണ് കൊല്ലപ്പെട്ടത്.
ആളുകള് നോക്കിനില്ക്കേയാണ് മാരകായുധങ്ങള് ഉപയോഗിച്ച് പ്രവീണ് നെട്ടാരുവിനെ പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് കൊലപ്പെടുത്തിയത്.
ഒരു പ്രത്യേക സമുദായത്തിനിടെ ഭീതി പരത്തുക എന്ന ലക്ഷ്യവും പ്രവീണിന്റെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില് പറയുന്നു.
20 പിഎഫ്ഐ അംഗങ്ങള്ക്കെതിരെയാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിനുള്ള ആയുധങ്ങളും പരിശീലനങ്ങളും നല്കിയത് സര്വീസ് ടീം ആണ്.
കൊലപ്പെടുത്തേണ്ട ആളെ നിരീക്ഷിക്കുന്നതിനുള്ള പരിശീലനവും ചില പ്രത്യേക സമുദായത്തിലും ഗ്രൂപ്പിലുമുള്ള ആളുകളെ നിരന്തരം നിരീക്ഷിക്കുന്നതും ഈ സര്വീസ് ടീമിന്റെ ജോലിയായിരുന്നു.
കൊല്ലപ്പെടേണ്ട ആളെ ലക്ഷ്യമിടുന്നത് മുതിര്ന്ന നേതാക്കളുടെ നിര്ദ്ദേശപ്രകാരമാണ്. കൊലയാളികള്ക്ക് പരിശീലനം നല്കുന്നതാവട്ടെ ഈ സര്വീസ് ടീമും.
പിഎഫ് നേതാക്കളും അംഗങ്ങളും പങ്കെടുത്ത ഗൂഢാലോചന യോഗങ്ങള് ബംഗളൂരു സിറ്റിയിലും സുല്ലിയ ടൗണിലും ബെല്ലാരെ ഗ്രാമത്തിലും നടന്നുവെന്നും ജില്ലാ സര്വീസ് ടീമിന്റെ തലവനായ മുസ്തഫ പെയ്ചറാണ് കൊല്ലപ്പെടേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കുന്നത് അടക്കമുള്ള നടപടികള് ചെയ്തതെന്നും കുറ്റപത്രത്തില് ആരോപിക്കുന്നു.
ഈ നിര്ദേശപ്രകാരം, ഒരു പ്രത്യേക മതവിഭാഗത്തിലെ നാല് പേരെ സംഘം തിരിച്ചറിഞ്ഞ് നിരീക്ഷിച്ചുവരികയും അവരില് നിന്ന് പ്രവീണ് നെട്ടാരുവിനെ വധിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില് പറയുന്നു.
കുറ്റപത്രത്തില് പറയുന്ന 20 പേരില് ഒളിവിലുള്ള ആറുപേരെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ചുണ്ട്.
ഇന്ത്യന് ശിക്ഷാ നിയമത്തിലെ 120ബി, 153എ, 302, 34, യുഎപിഎ നിയമത്തിലെ 16,18,20, ആയുധ നിരോധന നിയമത്തിലെ സെക്ഷന് 25(1)(എ) എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുഹമ്മദ് ഷെയബ്, അബ്ദുള് ബഷീര്, റിയാസ്, മുസ്തഫ പെയ്ചാര്, മസൗദ് കെഎ, കൊദജി മുഹമ്മദ് ഷെരീഫ്, അബൂബക്കര് സിദ്ദിക്, നൗഫല് എം, ഇസ്മയില് ഷാഫി കെ., കെ.മുഹമ്മദ് ഇക്ബാല്, ഷഹീദ് എം, മുഹമ്മദ് ഷെഫീക് ജി, ഉമ്മര് ഫാറൂര് എംആര്, അബ്ദുള് കബീര് സിഎ, മുഹമ്മദ് ഇബ്രാഹിം ഷാ, സെയ്നുള് അബിദ് വെ, ഷെയ്ഖ് സദ്ദാം ഹുസൈന്, സകീര് എ, എന് അബ്ദുള് ഹരീസ്, തൗഫലി എംഎച്ച് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില് പേരുള്ളത്.
ഇവരില് മുസ്തഫ പെയ്ചാര്, മസൂദ് കെഎ, കൊദജി മുഹമ്മദ് ഷെരീഫ്, അബൂബക്കര് സിദ്ദിട്, ഉമ്മര് ഫാറൂഖ് എംആര്, തൗഫലി എംഎച്ച് എന്നിവര് ഒളിവിലാണ്്.
പ്രവീണ് നെട്ടാരുവിന്റെ വധത്തില് ബെല്ലാരി പോലീസ് രജിസ്റ്റര് ചെയ്ത കേസ് പിന്നീട് എന്ഐഎ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ വര്ഷം സെപ്തംബറില് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്ഐയെ നിരോധിച്ച് ഉത്തരവിറക്കി. യുഎപിഎ നിയമപ്രകാരം അഞ്ച് വര്ഷത്തേക്കാണ് നിരോധനം.
സഞ്ജിത് (2021 നവംബര് കേരള), വി.രാമലിംഗ് (2019, തമിഴ്നാട്), നന്ദു (2021, കേരള), അഭിമന്യു (2018, കേരള), ബിപിന് (2017, കേരള), ശരത് (2017 കര്ണാക), ആര്.രൂപേഷ് (2016 കര്ണാടക), പ്രവീണ് പുയാരി )2016 കര്ണാടക), ശശി കുമാര് (2016 തമിഴ്നാട്) എന്നിവരുടെ മരണത്തിനു പിന്നില് പിഎഫ്എ ആണെന്ന് റിപ്പോര്ട്ടില് പറയുന്നു.